മലയിൻകീഴ് മുക്കംപാലമൂട്ടിൽ കണ്ടത് കാട്ടുപൂച്ചയെന്നു വനം വകുപ്പ്
1537691
Saturday, March 29, 2025 6:41 AM IST
ആശങ്ക വേണ്ടെന്ന് വനം വകുപ്പ്
കാട്ടാക്കട: മലയിൻകീഴ്മുക്കംപാലമൂട്ടിൽ കണ്ടതു കാട്ടുപൂച്ചയെന്നു വനം വകുപ്പ് അധി കൃതർ. ആശങ്ക വേണ്ടെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കളയണെന്നും അവർ വ്യക്തമാക്കി.
ഇന്നലെ കാമറ സ്ഥാപിക്കാനെത്തിയ വനം വകുപ്പ് സംഘം പ്രാഥമികമായി നടത്തിയ അന്വേഷണത്തിലാണ് ഇ ക്കാര്യം കണ്ടെത്തിയത്. പ്രദേശത്തെ ഒരു സിസിടിവിയിലാണു വലിയ കാട്ടുപൂച്ചയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇട റോഡിലൂടെ അതിവേഗം ഓടിപ്പോകുന്ന കാട്ടുപൂച്ചയുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. പുലിയെ കണ്ടു എന്നു പറയുന്ന പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോടെ കാമറ സ്ഥാപിച്ച് ജീവിയുടെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ ആണ് വനം വകുപ്പ്.
മറ്റേതെങ്കിലും ജീവിയുടെ സാന്നിധ്യം കൂടെ ഉണ്ടോയെന്ന് അറിയുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ മൂന്നാഴ് ചയായി പ്രദേശത്തെ വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. എന്നാൽ പുലിയെ കണ്ടു എന്നു പറയുന്ന ദിവസമുള്ള സിസിടിവി ദൃശ്യമാണ് ഇപ്പോൾ കിട്ടിയത്. അത് കാട്ടുപൂച്ചയുടേതാണ്.
തന്റെ വീടിനു മുന്നിലൂടെ പോയത് ഇതിനേക്കാൾ വലിപ്പമുള്ള ജീവി ആണെന്നും ശരീരത്തിൽ പുള്ളികൾ ഉണ്ടെന്നുമാണു പ്രദേശവാസി തങ്കമണി ഇപ്പോഴും പറയുന്നത്. പരുത്തിപ്പള്ളി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ തങ്കമണിയുടെ വീടിനു സമീപം ഉൾപ്പെടെ പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു.