കനകക്കുന്നില്‍ സമ്മർ കാർണിവൽ
1537690
Saturday, March 29, 2025 6:41 AM IST
തിരുവനന്തപുരം: അവധിക്കാലത്തെ ആഘോഷമാക്കാൻ കനകക്കുന്നില്‍ സമ്മർ കാർണിവൽ തുടങ്ങി. കുട്ടികൾക്കും കുടുംബങ്ങൾക്കും നേരം ചെലവഴിക്കാനുതകുന്ന നിരവധി ഗെയിമുകളും കലാപരിപാടികളും പ്രദർശനങ്ങളുമാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ആറു വരെ വൈകുന്നേരം നാലു മുതല്‍ രാത്രി പത്തു മണിവരെയാണ് പരിപാടികള്‍.
അവധിയുടെ തുടക്കസമയത്തുതന്നെ കുട്ടികളെ മൊബൈൽ ഫോൺപോലുള്ള ഉപകരണങ്ങളിൽനിന്ന് മോചിപ്പിച്ചു കളിച്ചുചിരിച്ചുല്ലസിക്കാനുതകുന്ന യാഥാർഥ്യ ലോകത്തേക്ക് എത്തിക്കുന്നതിന് ഉപയുക്തമായ ഗെയിം സോണുകളാണ് സമ്മർ കാർണിവലിനോടനബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
രാജസ്ഥാന്റെ കലാസാംസ്കാരികപാരമ്പര്യത്തെ അനാവരണം ചെയ്യുന്ന എൻചാന്റിംഗ് രാജസ്ഥാൻ, കാർണിവൽ മാജിക്, കാര്‍ണിവല്‍ ഗെയിമിംഗ് ഏരിയ, കിഡീസ് ലാൻഡ്, ഷോപ്പിംഗ് സോണ്‍, ഫുഡ് സോണ്‍, സ്ട്രീറ്റ് ഇല്യൂഷൻ, ഫയര്‍ ഡാന്‍സ്, എല്‍ഇഡി ഡാന്‍സ്, ആഫ്രിക്കന്‍ ബാന്‍ഡ്,
ഇന്ററാക്ടീവ് വർഷോപ്പുകൾ തുടങ്ങി മേഖലകളായി തിരിച്ചാണ് പരിപാടികൾ. ഒന്നിലേറെ മിനി സ്റ്റേജുകളിലായി ചെറിയ കലാപരിപാടികളുമുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനുതകുന്ന വ്യത്യസ്തങ്ങളായ പരിപാടികളാകും ഗെയിമിംഗ് സോണിലുണ്ടാകുക.