സ്വദേശാഭിമാനിയെ അവഹേളിച്ചെന്ന് ആരോപണം
1537685
Saturday, March 29, 2025 6:33 AM IST
നെയ്യാറ്റിന്‍കര : നഗരസഭ ബജറ്റുമായി ബന്ധപ്പെട്ട പ്രതിഷേധ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയേയും മാധ്യമപ്രവര്‍ത്തകരേയും അവഹേളിച്ചുവെന്ന് ആരോപിച്ച് സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിന്‍കര ഭാരവാഹികള്‍ നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരാതി നല്കി.
നിലവിലെ നഗരസഭ എല്‍ഡിഎഫ് ഭരണസമിതി സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഓർമനിലനിർത്തുന്നതിനായി അഞ്ച് ലക്ഷം രൂപയുടെ സ്മൃതിപഥം പദ്ധതി നടപ്പിലാക്കുമെന്നു ബജറ്റില്‍ വാഗ്ദാനം ചെയ് തിരുന്നു.
അടുത്ത ദിവസത്തെ ബജറ്റ് ചർച്ചയിലും തുടർന്നു നഗരസഭയ്ക്കു മുന്നിൽ നടത്തിയ യുഡിഎഫ് പ്രതിഷേധ പരിപാടിയിലും പദ്ധതിക്കെതിരെ ആക്ഷേപമുന്നയിച്ച ജോസ് ഫ്രാങ്ക്ളിന് സ്വദേശാഭിമാനിയേയും നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ക്ലബിനെയും അവഹേളിച്ച് സംസാരിക്കുകയും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഇന്നലെ സംഘടിപ്പിച്ച സ്വദേശാഭിമാനി അനുസ്മരണ ചടങ്ങില്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ പ്രതിഷേധം വ്യക്തമാക്കി. തുടര്‍ന്നാണ് ജോസ് ഫ്രാങ്ക്ളിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭാരവാഹികള്‍ നിയമസഭ പ്രതിപക്ഷ നേതാവിനു പരാതി അയച്ചത്.