അധികൃതർ കൈമലർത്തി; ഒടുവിൽ റോഡ് ശുചീകരിച്ച് വ്യാപാരികൾ
1537371
Friday, March 28, 2025 6:43 AM IST
കാട്ടാക്കട: പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും കൈവിട്ടു. ഒടുവിൽ വ്യാപാരികൾ രംഗത്തിറങ്ങി കാട് നീക്കം ചെയ്തു. തലസ്ഥാനത്തേയും മലയോര പഞ്ചായത്തുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുണ്ടമൺകടവ് പാലത്തിൽ വളർന്ന കാടാണു നീക്കം ചെയതത്. ഇതിനു കുണ്ടമൺകടവ് വ്യാപരാികളാണ് നേതൃ ത്വം നൽകിയത്.
കുണ്ടമൺഭാഗം പാലത്തിലേക്കു വളർന്ന മുൾച്ചെടികളും പാലത്തിൽ പടർന്ന വിഷച്ചെടി പടർപ്പുകളും കാൽനട യാത്രികർക്കും ബസിൽ പോകുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരു ന്നത്. മുൾചെടിയുടെ മുള്ളിൽ തട്ടി കണ്ണും കൈയ്യുമെല്ലാം മുറിയുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇക്കാര്യം പിഡബ്ല്യുഡി അറിയിച്ചെങ്കിലും നടപടി എടുത്തില്ല.
തുടർന്നു പഞ്ചായത്തിനെ അറിയിച്ചു. അവരും കൈമലർത്തി.തുടർന്നാണ് വ്യാപാരികളെത്തി അവ നീക്കം ചെയ്തത്. ഇതോടെ യാത്രക്കാർക്ക് സുഗമമായി പോകാവുന്ന അവസ്ഥ വന്നു. സെക്രട്ടറി ജ്യോതി, മേഖല കൺവീനർ സന്തോഷ് കുമാർ, പള്ളിമുക്ക് മേഖലയിലെ ബാലസുബ്രഹ്മ ണി, ബൈജു ജോർജ്, ട്രഷറർ രാജ എന്നിവർ നേതൃത്വം നൽകി.