ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍
1537368
Friday, March 28, 2025 6:43 AM IST
പേരൂര്‍ക്കട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ ആളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. എറണാകുളം മൂവാറ്റുപുഴ മേക്കടമ്പ് ഭാഗം തെക്കുവിള വീട്ടില്‍ അനില്‍കുമാര്‍ (54) ആണ് അറസ്റ്റിലായത്. പട്ടം സ്വദേശിനി ജമീല (35)യുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
സോഷ്യല്‍ മീഡിയവഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്. ന്യൂസിലാന്‍ഡിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്റ്റോര്‍ കണ്‍ട്രോളറായി ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
അനില്‍കുമാര്‍ തന്റെ എറണാകുളത്തെ ഒരു കമ്പനിയുടെ കടവന്ത്രയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 10, 30,500 രൂപയാണ് ഇപ്രകാരം തട്ടിപ്പിലൂടെ കൈപ്പറ്റിയത്. വിവിധ കാലങ്ങളിലായിട്ടാണ് ഇത്രയും തുക അനില്‍കുമാര്‍ തട്ടിയെടുത്തത്. ജോലി ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസിലാക്കിയ യുവതി പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൊബൈല്‍ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളം ജില്ലയില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.