പുതുക്കിയ വ്യവസ്ഥകൾ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാൻ: സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ
1537363
Friday, March 28, 2025 6:43 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതിയിൽ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പ്രതിലോമകരമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ് ഇർഷാദ്. സർവീസ് സംഘടനകളുടെ യോഗത്തിൽ ഒറ്റക്കെട്ടായി ഉയർത്തിയ എതിർപ്പ് തള്ളിയാണ് പല പുതിയ വ്യവസ്ഥകളും ഉൾക്കൊള്ളിച്ചത്.
ആശ്രിത നിയമനം ലഭിക്കാൻ ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ ആശ്രിതന് 13 വയസോ അതിനു മുകളിലോ ആയിരിക്കണമെന്ന വിചിത്ര നിബന്ധന ഏർപ്പെടുത്തിയത് സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതാണ്. മരണമെന്നതു രംഗബോധമില്ലാത്ത കോമാളി ആണെന്നതിനാൽ ആശ്രിതന് 13 വയസ് ഉറപ്പു വരുത്തിയിട്ട് എങ്ങനെ ജീവനക്കാരനു മരിക്കാൻ കഴിയും.
പൊതു സീനിയോറിറ്റി ലിസ്റ്റ് അപ്രായോഗികവും സങ്കീർണമായ നടപടിക്രമം ഉൾക്കൊള്ളുന്നതുമാണ്. ആശ്രിതർക്ക് ജീവനക്കാരുടെ അതേ വകുപ്പിൽ തന്നെ നിയമനം നൽകുകയെന്ന രീതിക്ക് ഇതോടെ അന്ത്യമാകും. സെക്രട്ടേറിയറ്റ് ജീവനക്കാർക്കു ദോഷകരമാകും. പുതിയ മാനദണ്ഡ പ്രകാരം സീനിയോറിറ്റി ലിസ്റ്റ് സ്ഥായിയായ ഒന്നല്ല.
ലിസ്റ്റ് പുതുക്കുന്നത് സീനിയോറിറ്റി മറികടക്കുന്നതിനും മറ്റ് ഇടപെടലുകൾക്കു വഴിവയ്ക്കുന്നതിനും സാധ്യത തുറക്കും. കുറഞ്ഞ പ്രായപരിധി വച്ചതും എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കിയതും ആശ്രിത നിയമന പദ്ധതി തുരങ്കം വച്ച് ഇല്ലാതാക്കാനാണ്. ഏഴു വർഷം മുൻപു നിശ്ചയിച്ച വരുമാന പരിധി ഇനിയും തുടരുന്നതിൽ അർഥമില്ല.
ദ്രോഹവ്യവസ്ഥകൾ പിൻവലിച്ചും വരുമാന പരിധി വർധിപ്പിച്ചും കൂടുതൽ ക്ലാസ് 4, ക്ലാസ് 3 കാറ്റഗറികൾ ഉൾപ്പെടുത്തിയും ആശ്രിത നിയമന പദ്ധതി തുടരണമെന്ന് എം.എസ്.ഇർഷാദ് ആവശ്യപ്പെട്ടു.