കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മരിച്ചു ; ഒരാളെ കാണാതായി
1537083
Thursday, March 27, 2025 10:19 PM IST
വിഴിഞ്ഞം : കോളജിലെ ആഘോഷത്തിനിടയിൽ കടൽ കാണാനെത്തി കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. കാഞ്ഞിരംകുളം ഗവ: കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ആർട്ട്സ് കോളജിലെ ഒന്നാം വർഷ എംഎ സോഷ്യോളജി വിദ്യാർഥിയായ വെങ്ങാനൂർ പനങ്ങോട് ഗോകുലത്തിൽ ഗോപകുമാറിന്റെ മകൻ ജീവൻ (25) ആണ് മരിച്ചത്. സുഹൃത്തും സഹപാഠിയുമായ പാറ്റൂർ ചർച്ച് വ്യൂ ലെയിനിൽ അശ്വതിയിൽ അളകർ രാജന്റെ മകൻ പാർഥസാരഥി (24)യെ കാണാതായി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ വിഴിഞ്ഞം അടിമലത്തുറ ബീച്ചിലായിരുന്നു അപകടം. മൂന്നാം വർഷ ഡിഗ്രി വിദ്യാഥികളുടെ യാത്രയയപ്പ് ദിവസമായിരുന്നതിനാൽ കോളജിൽ വിദ്യാർഥികൾ രാവിലെ മുതൽ ആഘോഷം തുടങ്ങിയിരുന്നു. മറ്റു വിഭാഗത്തിന് ക്ലാസില്ലാത്തത് കണക്കിലെടുത്താണ് സുഹൃത്തുക്കളായ മൂവർ സംഘം അടിമലത്തുറയിൽ എത്തിയത്.
പാറശാല സ്വദേശിയായ സിബിയെ കരയിൽ നിർത്തിയശേഷം ജീവനും പാർഥസാരഥിയും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടയിൽ വീശിയടിച്ച ശക്തമായ തിരയിൽ ഇരുവരും അകപ്പെട്ടു. സമീപത്ത് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥർ ജീവനെ കരയ്ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സേനയുടെ ആംബുലൻസിൽ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനെ രക്ഷിക്കാനായില്ല.
വിഴിഞ്ഞം തീരദേശ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കാണാതായ പാർഥസാരഥിയെ കണ്ടെത്താൻ വിഴിഞ്ഞത്ത് നിന്നു തീരസംരക്ഷണസേനയുടെയും, തീരദേശ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും ബോട്ടുകൾ തെരച്ചിലിനിറങ്ങി. ഉച്ച മുതൽ വൈകുന്നേരം വരെ നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഇന്നലെ വൈകുന്നേരം നിർത്തിവച്ച തെരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.