നെടുമങ്ങാട് നഗരസഭ ബജറ്റ് : ചർച്ചയിൽ ബദൽ നിർദേശങ്ങൾ അവതരിപ്പിച്ച് കോൺഗ്രസ് കൗൺസിലർമാർ
1536957
Thursday, March 27, 2025 6:31 AM IST
നെടുമങ്ങാട്: നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് നിർദേശങ്ങൾ പൊതുജനാഭിപ്രായം സീകരിക്കാതെയാണെന്നും അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ കഴിയാത്തതാണെന്നും കോൺഗ്രസ് കൗൺസിലർമാർ.
നഗരസഭാപരിധിയിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ജനങ്ങളിൽനിന്നും ലഭിച്ച നിർദേശങ്ങളാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പുങ്കുംമൂട് അജി ബദൽ നിർദേശങ്ങളായി അവതരിപ്പിച്ചത്. സാധാരണ ബജറ്റ് ചർച്ചയിൽ തർക്കങ്ങളും, ബഹളവുമാണ് ഉണ്ടാകുന്ന രീതിയെങ്കിൽ പതിവിനു വിപരീതമായി കോൺഗ്രസ് കൗൺസിലർമാർ ബദൽ നിർദേശങ്ങളുമായി രംഗത്തെത്തി.
നഗരസഭയുടെ സോണൽ ഓഫീസ് കരിപ്പൂരും, പൂവത്തൂരും സ്ഥാപിക്കുക, കൃഷി ഓഫീസും മൃഗാശുപത്രി എന്നിവയുടെ സബ്സെറ്ററുകൾ പുവത്തൂരും, കരിപ്പൂരും ആരംഭിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൂറുദിനം തൊഴിൽ നൽകുക. കർഷക രജിസ്ട്രർ തയാറാക്കുക. എ.എ. വൈ കാർഡുകാരെ ഹരിതകർമസേനയുടെ യൂസർ ഫീയിൽ നിന്നും ഒഴിവാക്കുക, ഭവന നിർമാണ ധനസഹായം അഞ്ചു ലക്ഷമാക്കി ഉയർത്തുക,
നഗരസഭ കഴിഞ്ഞുമുപ്പതുവർമായി വാങ്ങിയ ഭൂമിയെക്കുറിച്ചു ധവളപത്രം തയാറാക്കുക ആശവർക്കർ അങ്കണവാടി ജീവനക്കാർക്ക് അധികവേതനം അനുവദിക്കുക, പൂവത്തൂർ നീന്തൽകുളം യാഥാർഥ്യമാക്കുക, പ്രഫഷണൽ കോഴ്സിനു പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുക, നഗരസഭ സ്റ്റേഡിയം ആരംഭിക്കുക തുടങ്ങി 45ലധികം നിർദേശങ്ങളാണു പുങ്കുംമൂട് അജി അവതരിപ്പിച്ചത്.