കുമരിചന്ത ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം
1536950
Thursday, March 27, 2025 6:31 AM IST
പൂന്തുറ: കോവളം-കഴക്കൂട്ടം ബൈപാസ് റോഡില്‍ കുമരിചന്ത ജംഗ്ഷനിൽ മേൽപ്പാല നിർമാണ ജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അമ്പലത്തറ ഭാഗത്തുനിന്നു പൂന്തുറ, ഈഞ്ചക്കല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കരിമ്പുവിള ജംഗ്ഷന് വഴി തിരുവല്ലം ജംഗ്ഷനിലെത്തി യൂടേണ്‍ എടുത്ത് പൂന്തുറ, ഈഞ്ചക്കല്‍ ഭാഗത്തേയ്ക്ക് പോകണം.
അമ്പലത്തറ ഭാഗത്തു നിന്നു തിരുവല്ലം ഭാഗത്തേയ്ക്ക് കുമരിചന്ത സര്‍വീസ് റോഡ് വഴി ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പോകാം. പൂന്തുറ ഭാഗത്തുനിന്ന് അമ്പലത്തറ, തിരുവല്ലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കുമരിചന്ത ജംഗ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞു സര്‍വീസ് റോഡുവഴി പരുത്തിക്കുഴി ജംഗ്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞ് എതിര്‍വശം സര്‍വീസ് റോഡ് വഴി പോകേണ്ടതാണ്.
ഈഞ്ചക്കല്‍ ഭാഗത്തുനിന്നു തിരുവല്ലം ഭാഗത്തേയ്ക്ക് പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പരുത്തിക്കുഴി ജംഗ്ഷനിൽനിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി പോകേണ്ടതാണ്. കോവളം ഭാഗത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേയ്ക്ക് പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങളള്ക്ക് തടസമില്ലാതെ കടന്നുപോകാന്‍ കഴിയും.
ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് 0471-2558731 , 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.