ആശാസമരസമിതി അംഗത്തിന്റെ ഭർത്താവിന്റെ മരണം: ആദരാഞ്ജലി അർപ്പിച്ച് നേതാക്കൾ
1536944
Thursday, March 27, 2025 6:22 AM IST
തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സെക്രട്ടേറി യറ്റ് പടിക്കൽ 45 ദിവസമായി തുടരുന്ന രാപകൽ സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളുമായ എസ്. സതിയുടെ ഭർത്താവ് ശ്യാംകുമാർ (45) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നു മരിച്ചു.
ചുമട്ടു തൊഴിലാളിയായ ശ്യാം ജോലിക്കുശേഷം 25നു വൈകുന്നേരത്തോടെ ജഗതിയിലെ വീട്ടിൽനിന്നു സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ എത്തി ആശാവർക്കറായ സതിയെയും കൂട്ടി മടങ്ങി പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേ തുടർന്നു വീട്ടിൽനിന്നും ആശുപത്രിയിലേക്കു എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. രാജാജി നഗർ യുപിഎച്ച്സിയിലെ ആശാവർക്കറാണ് സതി. മക്കൾ ശ്രുതി, സ്മൃതി. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, വൈസ് പ്രസിഡന്റ് എസ്. മിനി എന്നിവരും സമരവേദിയിലെ നിരവധി ആശാവർക്കർമാരും സതിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ആശാസമരത്തിനു ശക്തമായ പിന്തുണ നൽകിയിരുന്ന ശ്യാം കുമാറിനു സെക്രട്ടേറിയേറ്റു പടിക്കലെ സമരവേദിയിലും ആശ പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു.