നെയ്യാറ്റിന്‍കരയ്ക്ക് അഭിമാനമായി സനൂഷ്
1508550
Sunday, January 26, 2025 6:29 AM IST
നെയ്യാറ്റിന്‍കര : മഹാരാഷ്ട്രയിലെ നന്തേടിൽ നടന്ന 68-ാമത് ദേശീയ സ്കൂൾ ജൂനിയർ ബോയ്സ് ചെസ് ചാന്പ്യന്ഷിപ്പില് അഞ്ചാം സ്ഥാനം നേടിയ കേരള ടീമിലെ സനൂഷ് ബി. ഷിബു നെയ്യാറ്റിന്‍കരയ്ക്ക് അഭിമാനമായി.
കേരളത്തിന്റെ വിജയത്തോടൊപ്പം സനൂഷിന്റെ മികവും നെയ്യാറ്റിന്‍കരയ്ക്ക് ഇരട്ടി സന്തോഷം പകരുന്നു. ഫിഡെ റാങ്കിംഗ് അടിസ്ഥാനത്തിൽ പത്താം സീഡായി കളിച്ച ടീം നാലു പോയിന്റോടെ മികച്ച പ്രകടനം കാഴ്ച വെച്ചു.
ആറു റൗണ്ടുകളിലായി നടന്ന 24 കളികളിൽ 17 എണ്ണത്തില്‍ കേരളം ജയിച്ചു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനമാണ്. ആറു റൗണ്ടുകളിലും ഒന്നാമത്തെ ബോർഡിൽ കേരളത്തെ പ്രതിനിധീകരിക്കാൻ സനൂഷിന് അവസരം ലഭിച്ചു.
അതിൽ അഞ്ചിലും വിജയിച്ചു. ഫസ്റ്റ് ബോർഡിലെ മികച്ച പ്രകടനത്തിനുള്ള വെള്ളി മെഡലിനും സനൂഷ് അര്‍ഹനായി. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സനൂഷ്.