മതിയായ രേഖകളില്ല : വിദേശികളുമായി ഉല്ലാസസവാരി നടത്തിയ വള്ളവും രണ്ടു ബോട്ടുകളും പിടികൂടി
1508544
Sunday, January 26, 2025 6:22 AM IST
വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകളും വിദേശികളുമായി ഉല്ലാസ സവാരി നടത്തിയ വള്ളവും അധികൃതർ പിടികൂടി.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശപ്രകാരം തിരുവനന്തപുരം മത്സ്യഭവൻ ഓഫീസർ കൃഷ്ണ, മറൈൻ എൻഫോഴ്സ്മെന്റ് സിപിഒമാരായ അനന്തു, വിനിൽ എന്നിവരുടെ നേതൃത്വത്തിൽ വിഴിഞ്ഞം ഹാർബറിൽ നടത്തിയ പരിശോധനയിലാണ് മത്സ്യബന്ധന വള്ളത്തിൽ വിദേശികളുമായി ഉല്ലാസയാത്ര നടത്തിയ അടിമലത്തുറ സ്വദേശി തദ്ദേവൂസിന്റെ ഉടമസ്ഥയിലുള്ള വള്ളം പിടികൂടിയത്.
പൂവാർ മത്സ്യഭവൻ ഓഫീസർ ഷിമി, മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ എ. അനിൽ കുമാർ, ലൈഫ് ഗാർഡുമാരായ ഫ്രെഡി മത്യാസ്, സെൽവരാജ്, ശിമയോൻ എന്നിവരടങ്ങിയ സംഘം പോലീസ് ബോട്ടിൽ മുതലപ്പൊഴിയിൽ നടത്തിയ പട്രോളിങ്ങിൽ മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശി ലോറൻസിന്റെ ഉടമസ്ഥയിലുള്ള തമിഴ്നാട് ബോട്ട് പിടികൂടി 90,000 രൂപ പിഴ ചുമത്തുകയും, ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യങ്ങൾ 50,000 രൂപയ്ക്ക് ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.
റിപ്പബ്ലിക് ദിന സുരക്ഷാ പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത തൂത്തുക്കുടി സ്വദേശിനി സുമതിയുടെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ബോട്ട് വിഴിഞ്ഞം തീര സംരക്ഷണ സേനയാണ് പിടികൂടിയത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറിയ ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങൾ 30,000 രൂപയ്ക്ക് ലേലം ചെയ്ത് തുക സർക്കാരിലേക്ക് കണ്ടു കെട്ടിയതായും അധികൃതർ അറിയിച്ചു.