നഗരസഭയുടെ നഗരരത്നം പുരസ്കാരം മധുവിനു സമ്മാനിച്ചു
1508349
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നഗരരത്നം പുരസ്കാരം മേയർ ആര്യ രാജേന്ദ്രൻ മലയാളത്തിന്റെ പ്രിയ താരം മധുവിനു സമ്മാനിച്ചു. മധുവിന്റെ വസതിയായ കണ്ണമ്മൂലയിലെ ശിവഭവനിൽ നടന്ന ചടങ്ങിലാണ് നഗരരത്ന പുരസ്കാര വിതരണ ചടങ്ങ് നടന്നത്. വയോജനോത്സവത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കു കോർപറേഷൻ നല്‍കുന്നതാണ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പ്രഥമ നഗരരത്ന അവാർഡ്.
നഗരരത്നം പുരസ് കാരം അനുഗൃഹീത ചലച്ചിത്രതാരം മധുവിനു സമ്മാനിക്കുവാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നു മേയർ ആര്യ രാജേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചടങ്ങിൽ കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലീനസ് റൊസാരിയോ, കൗണ്‍സിലർ ഡി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നഗരരത്നം പുരസ്കാര വിതരണ ചടങ്ങ് ഈ മാസം 16നു നടന്നു.