പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടി ഗ്രീന്‍ പാര്‍ലമെന്റ്
1508344
Saturday, January 25, 2025 6:22 AM IST
നെയ്യാറ്റിന്‍കര: ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനു ബദലായി ഒരു സംവിധാനം കൊണ്ടുവരാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല...? വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനാവുന്ന ശുചിത്വ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഇനിയെങ്കിലും ചിന്തിച്ചുകൂടേ...? പുഴകള്‍ മാലിന്യവാഹിനികളായി മാറുന്പോള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട..? ഇ- വേസ്റ്റുകളുടെ തോത് പരമാവധി കുറയ്ക്കാന്‍ എന്തെങ്കിലും ക്രിയാത്മകമായ പദ്ധതികള്‍ പ്രാദേശിക തലത്തില്‍ നിലവിലുണ്ട..?
ആരോഗ്യപൂര്‍ണമായ സമൂഹം എന്ന ആശയം സാക്ഷാത്കരിക്കാന്‍ നിരന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട...? മാലിന്യത്താലും പ്രകൃതി കൈയേറ്റത്താലുമൊക്കെ പൊലിഞ്ഞുപോയ ജീവനുകള്‍ക്ക് ഉത്തരം നല്കാന് സാധിക്കുമോ..? ഈ ചോദ്യങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ഗ്രീന്‍ പാര്‍ലമെന്റില്‍ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വിദ്യാര്‍ഥികളുടേതാണ്. പ്രാദേശിക ജീവിത പരിസരങ്ങളിലെ വര്‍ത്തമാനകാല മാലിന്യപ്രശ്നങ്ങള്‍ കണ്ടെത്തുകയും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നതിനെ ആസ്പദമാക്കിയായിരുന്നു പ്രബന്ധാവതരണം.
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക, മാലിന്യനിര്‍മാര്‍ജനത്തി നു വഴികണ്ടെത്തുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കുക, ഏറ്റവും കൂടുതല്‍ മാലിന്യശേഖരണം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കുക, സ്കൂളുകളില്‍ മാസത്തിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ഹരിതസഭ സംഘടിപ്പിക്കുക,
പുതിയ തലമുറയില്‍ മണ്ണ വബോധവും കാര്‍ഷികാഭിമുഖ്യവും വളര്‍ത്തുക, പ്രകൃതിക്ക് ഹാനികരമായ വസ്തുക്കളുടെ കടന്നുകയറ്റം പ്രതിരോധിക്കുക, ജലസ്രോതസ്സുകളെ ശ്വാസം മുട്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകളുടെ ഉപയോഗം ഒഴിവാക്കുക എന്നിങ്ങനെ വ്യത്യസ്തമായ ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. പരിസ്ഥിതി പ്രവര്ത്തകന് ഇ.പി. അനില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം മോഡറേറ്ററായിരുന്നു. കവയിത്രിയും പരിസ്ഥിതി സ്നേഹിയുമായ സുഗതകുമാരിയുടെ ജന്മവാര്ഷിക പരിപാടികളുടെ ഭാഗമായി ഗാന്ധിമിത്രമണ്ഡലവും ബോധേശ്വരന്‍ ഫൗണ്ടേഷനും സംയുക്തമായാണ് ഗ്രീന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഡോ. ജി.ആര്. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. ആര്.എസ്. ഹരികുമാര്‍ സന്ദേശം നല്കി.
ഗാന്ധിമിത്ര മണ്ഡലം ചെയര്മാന് അഡ്വ. വി.എസ് ഹരീന്ദ്രനാഥ്, ബോധേശ്വരന്‍ ഫൗണ്ടേഷന് ചെയര്മാന് വി. കേശവന്‍കുട്ടി, കാര്‍ട്ടൂണിസ്റ്റും മൈന്‍ഡ് പബ്ലിക്ക പ്രസാധകനുമായ ഹരി ചാരുത, എം. രാജ്മോഹന്‍, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, മണലൂര്‍ ശിവപ്രസാദ്, ബിന്ദു എന്നിവര്‍ സംബന്ധിച്ചു.