എൽബിഎസ് എൻജിനിയറിംഗ് കോളജുകൾക്ക് കേന്ദ്രസർക്കാരിന്റെ ഐഡിയ ലാബ്
1508347
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: എൽബിഎസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ എൽബിഎസ് വനിത എൻജിനിയറിംഗ് കോളജിനും കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിനും കേന്ദ്ര സർക്കാരിന്റെ "ഐഡിയ ലാബ്' അനുവദിച്ച് ഉത്തരവായി.
വളരെ ചുരുക്കം കോളജുകൾക്കു മാത്രം ലഭിക്കുന്ന ഈ പദ്ധതിയിൽ എൽബിഎസ് കോളജുകൾ ഉൾപ്പെട്ടത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവുകൊണ്ടുമാത്രമാണെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ അർഹമായ എല്ലാ പ്രോഗ്രാമുകൾക്കും എൻബിഎ അക്രഡിറ്റേഷൻ കോളജിന് ലഭിച്ചിട്ടുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന 5000 ചതുരശ്ര അടി വിസ്തൃതിയുള്ള ലാബാണ് ഐഡിയ സ്കീമിലുടെ സാക്ഷാത്കരിക്കപ്പെടുന്നത് സാങ്കേതിക രംഗത്തുള്ള മാറ്റത്തിനനുസരിച്ച് വിദ്യാർഥികളേയും ഗവേഷകരേയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടാനും, സംരംഭകരാവാനും പ്രാപ്തരാക്കുക എന്നുള്ളതാണ് ഐഡിയ ലാബിലൂടെ ലക്ഷ്യമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മേക്ക് ഇൻ ഇന്ത്യയുടേയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്.
ലേസർ കട്ടിംഗ് മെഷീൻ, സിഎൻസി റൂട്ടർ, പിസിബി ബിൽഡിംഗ് മെഷീൻ, പിസിബി പ്രോട്ടോടൈപ്പ് മെഷീൻ, കന്പ്യൂട്ടർ വർക്ക് സ്റ്റേഷൻ, സ്മാർട്ട് ബോർഡ്, എച്ച്ഡി പ്രിന്റർ, മിനി ഡെസ്ക്ടോപ്പ് മെഷീൻ, മിക്സഡ് സിഗ്നൽ ഓസിലോസ്കോപ്പ് എന്നീ ഉപകരണങ്ങൾ ഉൾപ്പെടുന്ന മികച്ച സജ്ജീകരണങ്ങളാണ് ഐഡിയ ലാബിൽ ഉള്ളത്.
ബൂട്ട് ക്യാന്പുകളും ടെക്നിക്കൽ ഫെസ്റ്റിവൽസും നടത്തപ്പെടുന്നതാണ്. ഒരു കോടി രൂപയാണ് ഐഡിയ ലാബിനുള്ള ധനസഹായം.