ഒരേദിവസം മൂന്നിടത്ത് മോഷണം: മൂന്നുപേർ പിടിയിൽ
1508340
Saturday, January 25, 2025 6:22 AM IST
പൂവാർ: ഒരേദിവസം പള്ളി കുരിശടിയിലും അമ്പലത്തിലും തൊട്ടടുത്ത വീട്ടിലും മോഷണം. രക്തക്കറ പിൻതുടർന്ന പോലീസ് പ്രതികളായ മൂന്നുപേരെ പിടികൂടി. കരുംകുളം കൊച്ചുതുറ എംഎൻ തോട്ടം പുരയിടത്തിൽ മെറിൻ (19), പുതിയതുറ ആർടി ഹൗസിൽ ശ്യാം (22), പൂവാർ എരിക്കലുവിള വീട്ടിൽ റോജിൻ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്്ച പുലർച്ചയോടെയായിരുന്നു സംഭവം. ആദ്യം കരുംകുളം ശിവക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ മതിൽചാടി ക്കടന്നു ശ്രീകോവിലിനു മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകർത്ത് 7,000 രൂപയും നാലു നിലവിളക്കുകളും മോഷ്ടിച്ചു.
തുടർന്നു തൊട്ടടുത്ത വീട്ടിൽ കയറിയ പ്രതികൾ ഒരു നിലവിളക്കും അപഹരിച്ചു. അതിനുശേഷം കൊച്ചുതുറ പള്ളിക്കു കീഴിലുള്ള മദർ തെസേരയുടെ കുരിശടിയുടെ ഗ്ലാസ് കൈ കൊണ്ട് ഇടിച്ചു തകർത്തു കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 5,500 രൂപ അപഹരിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു കാഞ്ഞിരംകുളം പോലീസെത്തി നടത്തിയ പരിശോധനയിൽ കുരിശടിക്ക് സമീപം മുതൽ തൊട്ടടുത്ത വഴിയിലുൾപ്പെടെ രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ചു പോലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയതു മെറിന്റെ വീട്ടിൽ. പോലീസിനെ കണ്ടതോടെ മെറിനും കൂട്ടാളികളും വീട്ടിൽ നിന്നും ഇറങ്ങിയോടി.
പിന്തുടർന്ന പോലീസ് മൂവർ സംഘത്തെ കൊച്ചുതുറയ്ക്ക് സമീപത്തുനിന്നു പിടികൂടുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ശിവക്ഷേത്രത്തിൽ പരിശോധനയ്ക്കെത്തിച്ച പോലീസ് നായ മെറിന്റെ വീട്ടിൽ മണം പിടിച്ചെത്തി. അവിടെ പരിശോധന നടത്തിയ പോലീസ് മോഷണ വസ്തുക്കളായ നിലവിളക്കുകൾ കണ്ടെടുത്തു. പ്രതികൾ ലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.
എസ്ഐമാരായ ശശിഭൂഷൺ നായർ, എസ്. രാജേഷ് കുമാർ, റോയി, എഎസ്ഐ വിമൽകുമാർ, സീനിയർ സിപിഒ വിമൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മെറിൻ നിരവധി കേസിലെ പ്രതിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടായിരുന്നതായും ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി കാഞ്ഞിരംകുളം പോലീസ് പറഞ്ഞു.