യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ കോട്ടയത്തുനിന്നും പിടികൂടി
1508062
Friday, January 24, 2025 6:40 AM IST
പോത്തൻകോട്: പൂജാരിയുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയത്ത് പോലീസ് പിടികൂടി. എന്നാൽ താൻ വിഷം കഴിച്ചെന്ന് പോലീസിനോട് പറയുകയും ഇതോടെ പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ജോൺസനാണ് വിഷം കഴിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. പോലീസ് പിടിച്ചതിന് ശേഷമാണ് പ്രതി താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്.
തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോണ്സണ് ആണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു.
ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു പ്രതി. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങിയതായും തെളിവ് ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്.
ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടത് നിരസിച്ചതോടെയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
കൃത്യം നടന്ന ദിവസം രാവിലെ ഒൻപതിന് വീട്ടിലെത്തിയ ജോൺസൻ യുവതിയെ ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി വാടക വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.