നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബൈപ്പാസ് സർവീസ്
1508358
Saturday, January 25, 2025 6:29 AM IST
വിഴിഞ്ഞം: സർവീസ് നടത്തുന്നതിൽ വരുമാനം കുറവെങ്കിലും കഴക്കൂട്ടം കാരോട് ബൈപ്പാസിനെ കൈവിടാതെ കെഎസ്ആർടിസി. വെഞ്ഞാറമൂട്ടിലേക്കുള്ള നാല് ബസുകൾക്കുപരി പോത്തൻകോട് ലക്ഷ്യമാക്കിയുള്ള അഞ്ചാമത്തെ ബസ് തിങ്കളാഴ്ച രാവിലെ മുതൽ ഓടി തുടങ്ങും. അധികം താമസിയാതെ കളിയിക്കാവിള മുതൽ കഴക്കൂട്ടം വഴി ആലപ്പുഴയ്ക്കുള്ള ഫാസ്റ്റ് ബസും രംഗത്തിറങ്ങും.
രണ്ട് മാസം മുൻപ് പരീക്ഷണാർഥം ഓട്ടം തുടങ്ങിയ നാല് സിറ്റി ഫാസ്റ്റ് ബസുകളും കളക്ഷന്റെ കാര്യത്തിൽ പിന്നിലായിരുന്നു. ബൈപ്പാസിൽ യാത്രക്കാർക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ശോച്യാവസ്ഥയും മറ്റും കണക്കിലെടുത്ത് യാത്രക്കാരുടെ പ്രതികരണം കുറഞ്ഞത് വരുമാനത്തെ ബാധിച്ചിരുന്നു. നഗരത്തിൽ കയറാതെ ബൈപ്പാസ് വഴി മാത്രമുള്ള ഓട്ടവും പ്രതികൂലമായി.
ഇതൊഴിവാക്കി സർവീസ് കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈപ്പാസിലൂടെ തിരുവല്ലം -കിഴക്കേക്കോട്ട -മെഡിക്കൽ കോളജ് - ശ്രീകാര്യം വഴി പോത്തൻകോട്ടേക്കുള്ള സർവീസ്. തിങ്കളാഴ്ച രാവിലെ എട്ടിന് പാറശാലയിൽ സി.കെ ഹരീന്ദ്രൻ എംഎൽഎയും കെഎസ്ആർടിസി അധികൃതരും മറ്റ് ജനപ്രതിനിധികളും ചേർന്ന് സ്വീകരണം നൽകും.
തുടർന്ന് 8.30 മുതൽ കളിയിക്കാവിളയിൽ നിന്ന് യാത്ര പുറപ്പെട്ടും. പാറശാല വഴി ആയിര, ചെങ്കവിള ജംഗഷൻ വഴിയായിരിക്കും പുതിയ ബസ് ബൈപ്പാസിൽ പ്രവേശിക്കുക. അഞ്ചു ബസുകളിൽ രണ്ടെണ്ണം പാറശാല ഡിപ്പോയിൽ നിന്നാണ് ഓടുന്നത്. ദൂരക്കൂടുതൽ കണക്കിലെടുത്ത് വിഴിഞ്ഞത്ത് നിന്നുള്ള ബസും നിലവിൽ പാറശാല ഡിപ്പോയിൽ നിന്ന് കളിയിക്കാവിളയിൽ എത്തിയാണ് ഓട്ടം തുടരുന്നത്. മറ്റ് രണ്ടെണ്ണം നെയ്യാറ്റിൻകര, പൂവാർ ഡിപ്പോകളിൽ നിന്നുള്ളവയാണ്.
കൂടുതൽ ദൂരം കുറച്ച് സമയം കൊണ്ട് ഓടിയെത്താമെന്ന വാഗ്ദാനവുമായാണ് അധികൃതർ ബൈപ്പാസ് വഴിയുള്ള സർവീസുകൾ ആരംഭിച്ചത്. അക്കാര്യത്തിൽ വിജയിച്ചെങ്കിലും യാത്രക്കാരെ ആകർഷിക്കുന്നതരത്തിൽ ഷെഡ്യൂളുകൾ വർധിപ്പിക്കാൻ ബന്ധപ്പെട്ടവർക്കായില്ല.
ബൈപ്പാസും മറ്റ് റോഡുകൾ തമ്മിലുള്ള അകലവും തുടക്കത്തിൽ തിരിച്ചടിയായി. ഇതൊഴിവാക്കി യാത്രക്കാർക്ക് പ്രതീക്ഷ നൽകിയാണ് പുതിയസർവീസുകൾക്ക് തുടക്കമാകുന്നത്.