സിപിഐ ലോക്കല്‍ സെക്രട്ടറിയെ പടക്കമെറിഞ്ഞെ് ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതി; അറസ്റ്റിലായ യുവാക്കളെ ജാമ്യത്തില്‍ വിട്ടയച്ചു
1508361
Saturday, January 25, 2025 6:32 AM IST
തിരുവല്ലം: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപിഐ തിരുവല്ലം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വെളളാര്‍ സാബുവിനെ പടക്കമെറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെയാണ് കഴിഞ്ഞ ദിവസം തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. വെളളാര്‍ അറൈവല്‍ കോളനി പണയില്‍ വീട്ടില്‍ വിമല്‍ മിത്ര (25) , വെള്ളാര്‍ കൈതവിള വീട്ടില്‍ ജിത്തുലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് കോവളം ഭാഗത്തു നിന്നും വെള്ളാര്‍ റോഡിലേയ്ക്ക് സ്കൂട്ടറില്‍ വരുന്നതിനിടെ സ്കൂട്ടറിന് പുറക് വശത്തായി ആരോ പടക്കം എറിഞ്ഞു എന്നായിരുന്നു പരാതി.
പ്രദേശത്തെ സ്വകാര്യ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഉച്ചയോടുകൂടി യുവാക്കളെ വെള്ളാര്‍ ഭാഗത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും ലഭിച്ച പടക്കം പൊട്ടിച്ചത് യുവാക്കളുടെ വികൃതിയാണെന്നും ആക്രമണമല്ലെന്നും മനസിലായതോടെ യുവാക്കളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നതായി തിരുവല്ലം പോലീസ് പറഞ്ഞു.