സാമ്പത്തിക തട്ടിപ്പ്: യുവതി അറസ്റ്റിൽ
1508066
Friday, January 24, 2025 6:46 AM IST
പേരൂർക്കട: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശിനിയും നിലവിൽ ശാസ്തമംഗലം ശ്രീരംഗം ലെയിൻ ഹൗസ് നമ്പർ 18 ലളിത ഭവനിൽ വാടകയ്ക്കു താമസിച്ചു വരുന്നയാളുമായ സനിത (31) ആണ് അറസ്റ്റിലായത്.
എസ്ബിഐയിൽ നിന്നും ഹൗസിംഗ് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പൂജപ്പുര പരിധിയിൽ താമസിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് 11 ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. രണ്ടു വർഷത്തിനു മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. ഓൺലൈൻ ട്രാൻസാക്ഷനിലൂടെ ആദ്യം അഞ്ചു ലക്ഷം രൂപയും പിന്നീട് ആറു ലക്ഷം രൂപയുമാണ് പ്രതി കൈക്കലാക്കിയത്.
ഇതുകൂടാതെ തന്നെ പല സമയങ്ങളിലായി ചെറിയ രീതിയിൽ തുകകൾ ഇവർ കൈപ്പറ്റുകയുണ്ടായി. പ്രതിക്കെതിരേ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ കേസുള്ളതായി പോലീസ് പറഞ്ഞു. തട്ടിപ്പിന് ഇരയായ സ്ത്രീ പരാതി നൽകിയിരുന്നുവെങ്കിലും പ്രതി വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
നഗരത്തിൽ ഇവർ എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.