ബോംബ് ഭീഷണി കേസ് : പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 50,000 രൂപ പിഴയും
1508341
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കിങ്ഫിഷർ വിമാനത്തിൽ നിന്നു നാടൻ ബോംബ് കണ്ടെത്തിയ കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
മലയിൻകീഴ് സരസ്വതി വിലാസത്തിൽ രാജശേഖരൻ നായരാണ് കേസിലെ ഏക പ്രതി. കിങ്ഫിഷർ വിമാനത്തിലെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന സ്വകാര്യ കന്പനിയായ യൂണിവേഴ്സൽ ഏവിയേഷൻ എന്ന കന്പനിയുടെ സൂപ്പർവൈസർ ആണ് പ്രതി. കേസിലെ പ്രധാന സാക്ഷി ഉൾപ്പെടെ ഒൻപത് സാക്ഷികളും പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു.
വിമാനത്തിന്റെ കാർഗോ സൂക്ഷിക്കുന്നിടത്ത് മലയാള പത്രത്തിൽ പൊതിഞ്ഞ നിലയിൽ ഇയാൾ കൊണ്ടുവെച്ച ബോംബ് പോലീസ് കണ്ടെടുക്കുകയും സാക്ഷികൾ ഇത് തിരിച്ചറിയുകയും ചെയ്തിരുന്നു. 2010 മാർച്ച് 21 നാണ് കേസിനെ ആസ്പദമായ സംഭവമുണ്ടായത്.