മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചവർ പിടിയിൽ
1508064
Friday, January 24, 2025 6:46 AM IST
നെടുമങ്ങാട് : സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയ രണ്ടുപേർ പിടിയിൽ. പാങ്ങോട് കൊച്ചാലംമൂട് സ്വദേശി ഇർഷാദ് പെൺസുഹൃത്ത് ഭരതന്നൂർ അംബേദ്കർ കോളനിയിലെ നീന എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഉഴമലയ്ക്കൽ - കുര്യത്തി ജംഗ്ഷനിലെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലാണ് സംഭവം. ഇരുവരും ചേർന്ന് പണയം വയ്ക്കുന്നതിന് വള നൽകുകയും 40000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പരിശോധനയിൽ സംശയം തോന്നിയതോടെ വിൽക്കാനെത്തിയവരുടെ ആധാർരേഖ ആവശ്യപ്പെട്ടു.
ഇതോടെ ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻതന്നെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു പോലീസിൽ അറിയിക്കുകയായിരിന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിടിയിലായവരിൽ ഒരാൾ പാങ്ങോട് പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇർഷാദ് ആണെന്ന് കണ്ടെത്തി.
ഇയാൾക്കെതിരേ നിരവധി കേസ് ഉള്ളതായി പോലീസ് പറഞ്ഞു. കള്ളനോട്ട്, വ്യാജചാരായം, മുക്കുപണ്ടം പണയം വയ്പ്പ്, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്ക് എതിരെയുണ്ട്.
കഴിഞ്ഞ ആഴ്ച്ച സമാന രീതിയിൽ അയ്യപ്പൻ കുഴിയിൽ ഒരു യുവതി മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷം രൂപ വാങ്ങിച്ച് കടന്നിരുന്നു.