റീ ടാറിംഗിനായി ബൈപ്പാസ് റോഡ് മുന്നറിയിപ്പില്ലാതെ അടച്ചു : വലഞ്ഞ് യാത്രക്കാർ
1508065
Friday, January 24, 2025 6:46 AM IST
വിഴിഞ്ഞം: റീ ടാറിംഗിനായി ബൈപ്പാസ് റോഡ് മുന്നറിയിപ്പില്ലാതെ അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. വാഹനങ്ങളെ കൂട്ടത്തോടെ വഴിതിരിച്ച് വിട്ടത് സർവീസ്റോഡിൽ ഗതാഗത സ്തംഭനത്തിന് വഴിതെളിച്ചു.
കഴക്കൂട്ടം -കാരോട് ബൈപ്പാസിന്റെ ഒന്നാം ഘട്ടം അവസാനിക്കുന്ന തലക്കോട് ഭാഗത്താണ് റീ ടാറിംഗ് ആരംഭിച്ചത്. അതിന്റെ ഭാഗമായി തലക്കോട് ഭാഗം അടച്ച അധികൃതർ വാഹനങ്ങളെ സർവീസ് റോഡുവഴി കോവളത്തേക്ക് വഴിതിരിച്ച് വിട്ടു. ഇതോടെ വലുതും ചെറുതുമായനൂറ് കണക്കിന് വാഹനങ്ങൾ ഇടുങ്ങിയ റോഡിൽ കുടുങ്ങി.
രാവിലെയും വൈകുന്നേരവുമുണ്ടായ വൻ ഗതാഗതക്കുരുക്കഴിക്കാൻ പോലീസിന് ഏറെ പണിപ്പെടെണ്ടി വന്നു. കീഴ്ക്കാം തൂക്കായ കയറ്റത്തിൽ നിരവധി ഭാരവാഹനങ്ങൾ കയറാനാകാതെ നിന്ന് പോയതും ആശങ്കക്കിടവരുത്തി. മുന്നൊരുക്കങ്ങളോ മുന്നറിയിപ്പോ ഇല്ലാതെ റോഡ് അടച്ചതാണ് പ്രശ്നത്തിന് കാരണമായി യാത്രക്കാർ പറയുന്നത്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ബൈപ്പാസ് വഴി കടന്നുപോകുന്നത്. ഒരു കിലോമീറ്ററിലധികം നീണ്ട ഗതാഗതക്കുരുക്കിൽ പെട്ടുപോയത് സർക്കാർ ഓഫീസുകളിലേക്കും ആശുപത്രികളിലേക്കും പോകേണ്ടവരായിരുന്നു.