ജനപ്രതിനിധി അഭ്യർഥിച്ചു; കരാറുകാരൻ സൗജന്യമായി റോഡ് ടാർ ചെയ്തു
1508543
Sunday, January 26, 2025 6:22 AM IST
കോവളം: ജനപ്രതിനിധിയുടെ അഭ്യർഥന മാനിച്ച് കരാറുകാരൻ സൗജന്യമായി റോഡ് ടാർ ചെയ്തു നൽകി. കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർക്കോണം വാർഡിൽ ഉൾപ്പെടുന്ന മരുതൂർക്കോണം മഹാദേവ ക്ഷേത്രം-ഗോവിന്ദ വിലാസം റോഡാണു ടാർ ചെയ്തത്.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. മൻമോഹന്റെ അഭ്യർഥന പ്രകാരമാണ് നാട്ടുകാരൻ കൂടിയായ പി ഡബ്യൂ ഡി കരാറുകാരൻ മോഹനകുമാർ റോഡ് സൗജന്യമായി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി നൽകിയത്.
വളരെ നാളായി തകർന്നു ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു റോഡ്. 150 മീറ്ററിൽ അധികം വരുന്ന ദൂരമാണു സൗജന്യമായി ടാർ ചെയ്തത്. ഒരു ദിവസം കൊണ്ട് റീടാറിംഗ് നടത്തുകയായിരുന്നു.