മലയിൻകീഴിൽ നിന്നും കാണാതായ നാലംഗ കുടുംബം തിരികെ എത്തി
1508061
Friday, January 24, 2025 6:40 AM IST
കാട്ടാക്കട : ദുരൂഹതകൾക്ക് വിട. കാണാതായ നാലംഗ കുടുംബത്തെ ഒടുവിൽ കണ്ടെത്തി. ഒന്നര മാസം മുമ്പ് കുഞ്ഞിന് കുത്തിവയ്പ്പിനും ഭാര്യയുടെ ചികിത്സക്കും ആശുപത്രിയിൽ പോയ നാലംഗ കുടുംബത്തെ ഒടുവിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ നവംബർ 30ന് രാവിലെയാണ് തൈക്കാട് ആശുപത്രിയിൽ പോകുന്നു എന്നു പറഞ്ഞ് യാത്രതിരിച്ച വിളവൂർക്കൽ തെങ്ങത്താൻകോട് ശിവശൈലം വീട്ടിൽ വിഷ്ണു (29), ഭാര്യ കാവ്യ (28) മകൾ അൻവിക (നാല്) മകൻ അദ്വൈത് (മൂന്ന് മാസം )എന്നിവരെ കാണാതായത്.
കാട്ടാക്കട ഡിവൈഎസ്പിയുടെ കീഴിലെ സൈബർ സെൽ ഉൾപ്പെടെ മുപ്പതോളം പോലിസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കുടുംബത്തെ പത്തനംതിട്ടയിൽ നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇവർ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഹാജരായി.
ഒന്നരമാസമായി കുടുംബത്തെ കാണാതായതിൽ ആശങ്കയും ദുരൂഹതയും നിറഞ്ഞിരുന്നു. കാവ്യയുടെ അമ്മയുടെ പരാതിയിലായിരുന്നു മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
യാത്ര തുടങ്ങിയപ്പോൾ ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തെ വഴിമുട്ടിച്ചിരുന്നു. എന്നാൽ സൈബർ സെൽ ഇവരുടെ രണ്ടു നമ്പറുകളും നിരീക്ഷണത്തിൽ വച്ചിരുന്നു.
ഇടയ്ക്ക് തേനിയിൽ ഇവരുടെ ഫോൺ കുറച്ചു സമയം ഓൺ ആയതും പിന്നീട് ദിവസങ്ങൾക്ക് ശേഷം ഓൺലൈൻ ഗെയിം കളിച്ചതും അന്വേഷണത്തിന് വഴിത്തിരിവായി. കാട്ടാക്കട ഡിവൈഎസ്പിയുടെ നേരിട്ടുള്ള ഇടപെടലിൽ ഓൺലൈൻ ഗെയിം നിരീക്ഷിച്ചു.
ഇതിലെ സഹകളിക്കാരുടെ പട്ടിക എടുത്ത് ഇവരിൽ വിഷ്ണുവുമായി ഫോണിൽ നേരിട്ട് ബന്ധമുള്ള ആളെ കണ്ടെത്തുകയും ഇയാൾ വഴി വിഷ്ണുവിനെ ബന്ധപ്പെട്ട് പോലീസ് അന്വേഷണവും നാട്ടിലെ കാര്യങ്ങളും വിഷ്ണുവിനെ വിളിച്ച് ബോധ്യപ്പെടുത്തി.
എത്രയും വേഗം നാട്ടിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർ മലയിൻകീഴ് സ്റ്റേഷനിൽ ഹാജരായത്.
കുടുംബ പ്രശ്നങ്ങളാണ് തങ്ങൾ ഒളിവിൽ പോകാൻ കാരണമെന്ന് പോലീസിനോട് കുടുംബം സമ്മതിച്ചു. കുറച്ചുകാലം മാറി നിൽക്കുക എന്നതാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും വിഷ്ണു പറഞ്ഞു.