നേമം സഹകരണബാങ്കിലെ നിക്ഷേപ തട്ടിപ്പ് : മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
1508057
Friday, January 24, 2025 6:40 AM IST
നേമം : നേമം സഹകരണബാങ്കിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറി നേമം സ്റ്റുഡിയോറോഡ് നന്ദനത്തില്‍ ബാലചന്ദ്രന്‍നായര്‍ (70) നെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റുചെയ്തു.
കേസില്‍ ബാലചന്ദ്രന് നായരാണ് ഒന്നാം പ്രതി. മുന്‍ സെക്രട്ടറിയായിരുന്ന രാജേന്ദ്രനാണ് രണ്ടാം പ്രതി. ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് രമേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. അടുത്തിടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
എത്ര കോടി രൂപ തട്ടിപ്പ് നടത്തിയെന്ന് തുടങ്ങിയ കാര്യങ്ങള്‍ സഹകരണ വകുപ്പിന്റെ റൂള്‍ 65 പ്രകാരമുള്ള അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. സെക്രട്ടറിയായി വിരമിച്ച ശേഷവും ബാങ്ക് ഭരണസമിതി അംഗമാക്കി ബാലചന്ദ്രന് നായരെ ബാങ്കില്‍ നിലനിര്‍ത്തിയിരുന്നു.
പോലീസ് കേസെടുത്തതോടെ ഇയാള്‍ നാട്ടില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ബാലചന്ദ്രന് നായരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
നേമം സഹകരണബാങ്കിലെ ക്രമകേടുകള്‍ ആദ്യം അന്വേഷിച്ചത് നേമം പോലീസാണ്. സമരം ശക്തമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.