നേമം സഹകരണ ബാങ്കിന് മുന്നിൽ പട്ടിണിക്കഞ്ഞി സമരം നടത്തുമെന്ന് നിക്ഷേപകർ
1508056
Friday, January 24, 2025 6:40 AM IST
നേമം: നേമം സഹകരണ ബാങ്കിൽ കഴിഞ്ഞ ഏഴു മാസമായിട്ടും ഇതുവരേയും നിക്ഷേപകർക്ക് നിക്ഷേപം തിരികെ നൽകാത്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി നിക്ഷേപകർ. നിക്ഷേപകർ നൽകിയ പരാതികളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായും ,
നിലവിലെ അന്വേഷണം നേരിടുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും, നിക്ഷേപകർക്ക് സർക്കാർ നൽകിയ ഗ്യാരണ്ടി നടപ്പിലാക്കി ഉടനെ നിക്ഷേപം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുംനാളെ രാവിലെ 10 മുതൽ ഒന്നുവരെ ബാങ്കിന് മുന്നിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിക്ഷേപകർ പട്ടിണി കഞ്ഞി പാചകം ചെയ്ത് കഞ്ഞി കുടിച്ച് സമരം ചെയ്ത് പ്രതിഷേധിക്കുമെന്ന് നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.
നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ 400 ഓളം പേര് നേമം പോലീസിൽ പരാതി നൽകിയിരുന്നു. കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. നിക്ഷേപ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സഹകരണ വകുപ്പിലെ നേമം സഹകരണ ബാങ്കിൽ കഴിഞ്ഞ കാലങ്ങളിൽ ഓഡിറ്റിംഗ് നടത്തിയ പതിനെട്ട് ജീവനക്കാരെ സസ്പൻഡ് ചെയ്തിരുന്നു.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ 130 കോടിയോളം രൂപ നിക്ഷേപം ഉണ്ടെന്നും എന്നാൽ തിരിച്ചടവായ ലോൺ, ചിട്ടി ഇനത്തിൽ 50 കോടി മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിരുന്നു.
പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകരിൽ പലരുടെയും മക്കളുടെ വിവാഹംവരെ മാറ്റിവച്ചതായും, വിദ്യാർഥികളുടെ തുടർപഠനം പാതിവഴിയിൽ മുടങ്ങിയതായും, രോഗികളായവർക്ക് കൃത്യമായ ചികിത്സ നടത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
പ്രശ്നങ്ങൾക്കെല്ലാം കാരണക്കാരായ മുൻഭരണസമിതി തന്നെയാണ് ഇപ്പോഴും ബാങ്ക് ഭരിക്കുന്നതെന്നതിൽ നിക്ഷേപകർ ആദ്യം മുതലേ പ്രതിഷേധം രേഘപ്പെടുത്തിയിരുന്നു.
ജീവനക്കാർക്കും ഭരണസമിതിയിലെ വേണ്ടപ്പെട്ടവർക്കും മാത്രം പണം കൃത്യമായി നൽകുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.