പിടിച്ചെടുത്ത മാലിന്യനിക്ഷേപ ലോറി ആര്‍ഡിഒയ്ക്ക് കൈമാറി
1508049
Friday, January 24, 2025 6:30 AM IST
നെയ്യാറ്റിന്‍കര : നെയ്യാറിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ പിടിച്ചെടുത്ത് ആര്‍ഡിഒയ്ക്ക് കൈമാറി.
നഗരസഭ പരിധിയിലെ കൊല്ലവാംവിള വാര്‍ഡിലാണ് അന്‍പതു സെന്റോളമുള്ള പുരയിടത്തില്‍ നിക്ഷേപിക്കാന്‍ മാലിന്യം ലോറിയില്‍ കൊണ്ടുവന്നത്. ഏകദേശം പത്തടി താഴ്ചയുള്ള ചതുപ്പുനിലം നികത്താന്‍ മാലിന്യം എത്തിച്ചുവെന്നതാണ് പ്രാഥമിക നിഗമനം. ലോറിയുടെ ആര്‍സി ബുക്ക് അടക്കമുള്ള രേഖകള്‍ ലഭിച്ചില്ലായെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭ സെക്രട്ടറിക്ക് നല്കിയ പരാതിയനുസരിച്ച് ആരോഗ്യ വിഭാഗം അധികൃതര്‍ പരിശോധിക്കാനെത്തിയപ്പോഴാണ് മാലിന്യവുമായി ലോറി വന്നത്. മൂന്നു ടണ്ണോളം മാലിന്യങ്ങള്‍ പായ്ക്ക് ചെയ്ത് ലോറിയില്‍ നിറച്ചിരുന്നു. മഹസര്‍ തയാറാക്കി ലോറി ആര്‍ഡിഒയ്ക്ക് കൈമാറിയെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ദീപികയോട് പറഞ്ഞു.
നെയ്യാറിന്റെ തീരപ്രദേശത്തു മാത്രമല്ല നദിയിലേയ്ക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത നെയ്യാറ്റിന്‍കരയിലും സമീപപഞ്ചായത്തുകളിലുമുണ്ട്. നദിയില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ അങ്ങിങ്ങ് കെട്ടിക്കിടക്കുന്ന കാഴ്ച നെയ്യാറില്‍ കാണാം. നെയ്യാറ്റിന്‍കര താലൂക്കിന്റെ പ്രധാന ജലസ്രോതസായ നെയ്യാറിനെ മലീമസമാക്കുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ പലപ്പോഴും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.