വെഞ്ഞാറമൂട് ഇരട്ട കൊലപാതകം : പുനരന്വേഷണം നടത്തണമെന്ന് കോൺഗ്രസ്
1508045
Friday, January 24, 2025 6:30 AM IST
നെടുമങ്ങാട് : വെഞ്ഞാറമൂട് ഇരട്ട കൊലപാതകം പുനരന്വേഷണം നടത്തണമെന്ന് നെടുമങ്ങാട്ട് ചേർന്ന കോൺഗ്രസ് താലൂക്ക് തല നേതൃത്വ യോഗം ആവശ്യപ്പെട്ടു. നാലു വർഷങ്ങൾക്കു മുമ്പ് തിരുവോണതലേനാളിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചതിൽ സാക്ഷികളായ ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് പുനരന്വേഷണം ആവശ്യപ്പെടുന്നത് .
കൊലപാതകം കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കുവാനാണ് സിപിഎം ശ്രമിച്ചത് ഈ കൊലപാതകത്തിന്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം കോൺഗ്രസ് പാർട്ടിയുടെ നൂറുകണക്കിന് ഓഫീസുകളും രക്തസാക്ഷി മണ്ഡപങ്ങളും കൊടിമരങ്ങളും എല്ലാം സിപിഎം പ്രവർത്തകർ അന്ന് തല്ലി തകർത്തു,
കൊലപാതകത്തിന്റെ തുടക്കം മുതൽ തന്നെ ഇത് സിപിഎം നേതൃത്വങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കാരണമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞുവെങ്കിലും അതുൾക്കൊള്ളുവാൻ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ തയാറാകത്തതിന് കാരണം സിപിഎമ്മിന്റെ സമ്മർദമായിരുന്നുവെന്നും താലൂക്ക് തല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.
അന്ന് കോൺഗ്രസ് പാർട്ടി പറഞ്ഞത് ശരിയെന്ന് കോടതി ഉത്തരവിലൂടെ തെളിഞ്ഞ സാഹചര്യത്തിൽ അടിയന്തരമായി കേസ് പുനരന്വേഷണം നടത്തണമെന്നും വെഞ്ഞാറമൂട്ടിലെയും തേമ്പാമൂട്ടിലെയും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുനരന്വേഷണത്തിനുവേണ്ടി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി എം. മുനീർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജി. സുബോധൻ, കരകുളം കൃഷ്ണപിള്ള, പി .കെ. വേണുഗോപാൽ, ആനാട് ജയൻ, തേക്കട അനിൽ, എൻ. ബാജി, സുധീർഷ പാലോട്, പി. എസ് ബാജിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.