കിള്ളിയാറിന്റെ സംരക്ഷണഭിത്തി ഇടിയുന്നു
1429467
Saturday, June 15, 2024 6:22 AM IST
പേരൂര്‍ക്കട: കിള്ളിയാര്‍ ഒഴുകുന്ന മരുതംകുഴി ഭാഗത്ത് സംരക്ഷണഭിത്തി ഇടിയുന്നത് സമീപത്തെ കുടുംബങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. ആറിന്റെ കരകളില്‍ താമസിക്കുന്ന 10 ഓളം കുടുംബങ്ങളാണ് ഭീഷണിയില്‍ കഴിയുന്നത്.
കഴിഞ്ഞദിവസങ്ങളില്‍ നിലനിന്ന ശക്തമായ മഴയിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞതും ചില സ്ഥലങ്ങളില്‍ വിള്ളലുകള്‍ വീണതും. കരിങ്കല്ക്കെട്ടുകള്ക്കിടയിലൂടെ വെള്ളം കയറിയതിനാല്‍ കോൺക്രീറ്റ് ഇളകിപ്പോയ അവസ്ഥയിലാണ്. മിക്ക മഴക്കാലത്തും കിള്ളിയാര്‍ കരകവിഞ്ഞ് ഒഴുകുന്നതുമൂലം നിരവധി കുടുംബങ്ങള്‍ വീട് തകര്‍ന്ന അവസ്ഥയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുകയാണ് പതിവ്.
അത് ഇത്തവണയും ഉണ്ടാകുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മരുതംകുഴി-കാഞ്ഞിരംപാറ റോഡില്‍ മരുതംകുഴി പാലം മുറിച്ചുകടന്നു പോകുന്ന കിള്ളിയാറിന്റെ തുടക്കഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞു തുടങ്ങിയിരിക്കുന്നത്. വീടുകള്‍ സ്ഥിതിചെയ്യാത്ത മറുഭാഗത്ത് വെള്ളം കരകവിഞ്ഞ് ആറിന്റെ വീതി കുറച്ചു വര്‍ധിച്ചിട്ടുമുണ്ട്.
കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുകൂടി ഒരു ഒറ്റയടിപ്പാത കടന്നുപോകുന്നുണ്ട്. ഇവിടേക്ക് വെള്ളം കയറിക്കഴിഞ്ഞാല്‍ സഞ്ചാരം തടസപ്പെടും. വരും ദിവസങ്ങളില്‍ മഴ ശക്തിപ്പെടുകയാണെങ്കില്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ആറിന്റെ കരകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍. സര്‍ക്കാര്‍ അടിയന്തരമായി താല്‍ക്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.