2022 സെപ്റ്റംബർ ഏഴു മുതൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘പിഎം ശ്രീ സ്കൂൾസ് ഫോർ റെയ്സിംഗ് ഇന്ത്യ’ പദ്ധതി കേരളവും നടപ്പിലാക്കുകയാണെന്ന് പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആണെങ്കിലും തീരുമാനം പിണറായിയുടെ വകയായിരുന്നു എന്നു പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.
ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ നഖശിഖാന്തം എതിർത്തിട്ടും സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി എം.എ. ബേബി പോലും ആശങ്ക പ്രകടിപ്പിച്ചിട്ടും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത് അതുകൊണ്ടു മാത്രമാണ്. ഇടതുമുന്നണിയിൽ പിണറായി എടുക്കുന്ന തീരുമാനം ആരെതിർത്താലും നടപ്പാക്കിയിരിക്കും എന്ന് ഒരിക്കൽകൂടി തെളിയുന്നു.
പ്രധാനമന്ത്രി മോദിയും പിണറായിയും തമ്മിൽ ഉണ്ടാക്കിയ കരാറുകളുടെ ഫലമാണ് ഈ നയംമാറ്റം എന്ന് ചിത്രീകരിക്കപ്പെടുന്പോഴും ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്ട്രീയമായ എതിർപ്പുമൂലം കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട 1,500 കോടി രൂപയുടെ കേന്ദ്രസഹായം പാഴാക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമായി. പ്രതിപക്ഷത്തും ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുകൂലിക്കുന്പോൾ കെ.സി. വേണുഗോപാൽ എതിർക്കുന്നു.
പിഎം ശ്രീ സ്കൂൾ പദ്ധതി
ഇന്ത്യയിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 27,360 കോടി രൂപയുടെ വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പിഎം ശ്രീ. 2022-23 മുതൽ 2026-27 വരെയാണ് പദ്ധതിയുടെ കാലാവധി. 2026-2027നു ശേഷം പദ്ധതിയുടെ മുഴുവൻ ചെലവും സംസ്ഥാനത്തിനാണ്. ഇപ്പോൾ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. അതായത് കേന്ദ്രം ഈ ഇനത്തിൽ 18,128 കോടി രൂപ വിതരണം ചെയ്യുന്നു. ഈ ഇനത്തിൽ കേരളത്തിന് ലഭിക്കാവുന്നത് 1,500 കോടിയോളം രൂപയാണ്. വിദ്യാഭ്യാസമന്ത്രി പറഞ്ഞത് 1,466 കോടി രൂപ കിട്ടാനുണ്ട് എന്നാണ്. ഈ തുകയുടെ മുഴുവൻ ഭാഗവും പിഎം ശ്രീ പദ്ധതിയുടേതല്ല. ഈ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്ന സമഗ്രശിക്ഷാപദ്ധതിയുടെതാണ്.
സുപ്രീംകോടതി വിധിയിലൂടെ തമിഴ്നാട് പിഎം ശ്രീ പദ്ധതി നടപ്പാക്കാതെതന്നെ സമഗ്രശിക്ഷാപദ്ധതിയുടെ 700 കോടി രൂപ കേന്ദ്രത്തിൽനിന്നു നേടി. അതുപോലെ കേരളത്തിനും ശ്രമിക്കാവുന്നതാണ് എന്നു ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വെറുതെ സമയം കളയുന്ന പരിപാടിയാണ് നിയമയുദ്ധം എന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. സമഗ്രശിക്ഷയിൽ 2,152 കോടി രൂപയുടെ ഫണ്ടാണ് തമിഴ്നാടിനു കിട്ടാനുള്ളത്. കോടതിവിധി മൂലം കിട്ടിയത് 700 കോടി മാത്രമാണ്.
കേരളവും തമിഴ്നാടും പശ്ചിമ ബംഗാളും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടപ്പാക്കിയ പദ്ധതിയാണ് പിഎം ശ്രീ. ഇന്ത്യയിലെ 670 ജില്ലകളിലെ 12,400 വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കുന്നു. ഇതു നടപ്പാക്കാത്തതുമൂലം 2023-24ൽ സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് തടഞ്ഞപ്പോൾതന്നെ പുതിയ പദ്ധതി നടപ്പാക്കാം എന്നു കേരളം കത്തു നൽകിയിരുന്നു. എന്നാൽ, ധാരണാപത്രം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം സഹായം തടഞ്ഞു. വിദ്യാലയങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കുക, മാനവവിഭവശേഷി വികസനം, സ്കൂൾ ലീഡർഷിപ്, സ്കൂളിന്റെ മാനേജ്മെന്റ് മോണിട്ടറിംഗ്, ഉപഭോക്താക്കളുടെ സംതൃപ്തി, കരിക്കുലം, പെഡഗോഗി, ജെൻഡർ ഇക്വാലിറ്റി തുടങ്ങിയവയ്ക്കായാണ് പണം നൽകുന്നത്. ഈ മേഖലകളിൽ കേരളം അല്ലാതെതന്നെ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 40,000 സ്മാർട്ട് ക്ലാസ്റൂമുകൾ ഇപ്പോൾതന്നെ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതുകൊണ്ട് കേരള സർക്കാരിന്റെ വിഹിതം പണ്ടേ നടപ്പാക്കിയിട്ടുണ്ട്.
ഒരു ബ്ലോക്കിൽ രണ്ടു വിദ്യാലയങ്ങളാണ് പിഎം ശ്രീ പദ്ധതിക്ക് അർഹരാവുക. ഒരു എലമെന്ററി സ്കൂളും ഒരു സെക്കൻഡറി സ്കൂളും. കേരളത്തിൽ 336 സ്കുളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാം. ഇപ്പോൾ കേരളത്തിലുള്ള 33 കേന്ദ്രീയ വിദ്യാലയങ്ങളിലും 14 നവോദയ സ്കൂളുകളിലും ഈ സഹായം ലഭിക്കുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്പോൾ 2020ലെ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. ദീർഘകാലമായി നിലനിന്ന 10 + 2 രീതി മാറി. 5+3+3+4 ആണ് പുതിയ പദ്ധതി. ഇതിനപ്പുറം എന്തു വ്യത്യാസമാണ് ദേശീയനയത്തിൽ എതിർക്കപ്പെടേണ്ടതായി ഉള്ളതെന്ന് വ്യക്തമല്ല. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കും എന്നാണു പൊതുവെ പറയുന്നത്.
കേരളത്തിലെ ആരോഗ്യവകുപ്പിലും കൃഷിവകുപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്പോൾ എന്തിന് പൊതു വിദ്യാഭ്യാസ വകുപ്പു മാത്രം മാറിനിൽക്കണം എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. കേന്ദ്രത്തിൽനിന്നു തുക വാങ്ങി വകമാറ്റിച്ചെലവാക്കാൻ ഉദ്ദേശിച്ചാകും ഇക്കാര്യത്തിലും വെപ്രാളം കാണിക്കുന്നത്. കൃഷിവകുപ്പിൽ അങ്ങനെ ചെയ്തതു പുറത്തറിഞ്ഞതിനാണ് കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് അപ്രീതി നേരിടേണ്ടി വന്നത്.
ശിവൻകുട്ടിയുടെ മനസുമാറ്റം ഇടതുമുന്നണിയിൽ വിഷയമായി. സിപിഐ ഈ തീരുമാനത്തെ രൂക്ഷമായി എതിർത്തു. സിപിഎമ്മിനും മറ്റു ഘടകകക്ഷികൾക്കും എതിർപ്പില്ല. അതുകൊണ്ട് മുന്നണി മര്യാദ അനുസരിച്ച് സിപിഐ ശിവൻകുട്ടിയുടെ മനസുമാറ്റത്തെ അംഗീകരിക്കേണ്ടതാണ്. എങ്കിലും സിപിഐയുടെ പ്രതിഷേധത്തെ സിപിഎം സംസ്ഥാന സെക്രട്ടറി വല്ലാതെ പുച്ഛിച്ചത് സിപിഐയെ വേദനിപ്പിച്ചു. “ഏതു സിപിഐ” എന്നാണ് ഗോവിന്ദൻ ചോദിച്ചത്.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി വിഷയത്തിൽ ഇടപെട്ടത് ഗൂഢലക്ഷ്യങ്ങളോടെ ആണെന്ന വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. പിണറായിയുടെ കൈയിൽനിന്ന് പാർട്ടി പിടിച്ചെടുക്കാൻ ബേബി നടത്തുന്ന നീക്കത്തിന്റെ ഭാഗം എന്നുവരെയാണ് വ്യാഖ്യാനം. മന്ത്രിസഭായോഗത്തിൽ സിപിഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചു. 1969ലെ പോലെ ഒരു കുറുമുന്നണി ഉണ്ടാക്കാനൊന്നും ഇപ്പോൾ സിപിഐക്കാവില്ല. കാരണം ഇടതുമുന്നണിയിലെ മറ്റു കക്ഷികളെല്ലാം കടുത്ത പിണറായിപക്ഷക്കാരാണ്. അതുകൊണ്ട് സിപിഐ ഓടിയാൽ ഇത്രദൂരം എന്ന സമീപനം സിപിഎമ്മിനും കാണും. ഗ്രഹണ കാലത്ത് നീർക്കോലിക്കും വിഷം എന്ന ചൊല്ലുപോലെ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ സിപിഐക്കും ശക്തി ഉണ്ടല്ലോ.
ശബരിമലയിൽ സർക്കാർ വെള്ളംകുടിക്കുന്നു
ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാർ വെള്ളംകുടിക്കുകയാണ്. അടച്ചിട്ട മുറിയിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി മാത്രം സസാരിക്കുകയും, മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖകൾ പരിശോധിക്കുകയും ചെയ്തശേഷം ഹൈക്കോടതി പുറപ്പെടുവിച്ച നിരീക്ഷണങ്ങൾ ഇപ്പോഴത്തെ ദേവസ്വം ബോർഡിനും അതിലൂടെ സർക്കാരിനും തലവേദന ഉണ്ടാക്കുന്നതാണ്. സ്വർണക്കവർച്ചയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഇപ്പോഴത്തെ ബോർഡിന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നു ഹൈക്കോടതി പറഞ്ഞു. സ്വർണക്കവർച്ചയിൽ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഏറ്റവും ഉന്നതർ മുതൽ താഴെത്തട്ടിൽ വരെയുള്ള ഓരോരുത്തരുടെയും പങ്ക് വിശദമായി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
ബോർഡ് ഉന്നതർക്കു മോഷണത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മാറാനാകില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് പിടിച്ചെടുക്കാൻ കോടതി നിർദേശം കൊടുത്തു. കോടതി നടത്തിയ ‘ഏറ്റവും ഉന്നതൻ’ എന്ന പ്രയോഗത്തിൽ ദേവസ്വം മന്ത്രിയും ഉണ്ടെന്ന് പ്രതിപക്ഷം വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനം കേട്ട് ആരും രാജിവയ്ക്കാൻ പോകുന്നില്ല എന്നത് സത്യം. പക്ഷേ, അതിലേക്ക് കാര്യങ്ങൾ എത്തുമോ എന്നു സംശയിക്കണം. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് എല്ലാക്കാര്യവും ഹൈക്കോടതിയെ ബോധ്യപ്പെടുത്തും എന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പഴയ ആത്മവിശ്വാസം ഇല്ല. എപ്പോഴും സർക്കാരിനെ പ്രതിരോധിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മന്ത്രി വാസവനെ ന്യായീകരിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ദേവസ്വം ബോർഡും പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടത് വെറുതെയാവില്ലല്ലോ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags : Shivankutty Pinarayi