പെരുമയുള്ള നാടാണ് പെരുമ്പാവൂർ. ചില പെരുമകൾ ആ നാടിനു ബാധ്യതയുമായി. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികൾ നാടിനു വാഗ്ദാനം നൽകിയ സാധ്യതകൾ ഇന്ന് ബാധ്യതയായോ എന്ന് പരിശോധിക്കാൻ സമയം വൈകി. ഇപ്പോൾ അത്തരം ഫാക്ടറികൾ പലതും പാലായുടെ പരിസരങ്ങളിൽ സ്ഥാപിക്കപ്പെടുന്നുണ്ട്. പുതുതായി നിലവിൽ വന്നിട്ടുള്ളതോ പണികൾ നടക്കുന്നതോ ആയ പത്തു പ്രോജക്ടുകളുടെ വിവരം ചുവടെ ചേർക്കുന്നു.
ജല മലിനീകരണം
മുകളിലെ പട്ടികയിൽ ഒന്നാമത്തെ ഫാക്ടറി കിടാക്കുഴിത്തോട് അരുവിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മറ്റു ഫാക്ടറികളുടെ സ്ഥിതിയും വിഭിന്നമല്ല. ഈ കൈത്തോടുകളും ചെറു പുഴകളും മീനച്ചിൽ ആറിന്റെ കൈവഴികളാണ്.നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങളുടെയും ആയിരക്കണക്കിന് കുടുംബങ്ങളുടെയും ശുദ്ധജല സ്രോതസാണ് മീനച്ചിലാർ. പ്രമുഖ കോളജുകളും സ്കൂളുകളും കേരളത്തിലെ ഏറെ പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ ബ്രില്ല്യന്റും പ്രധാനപ്പെട്ട ആശുപത്രികളും കുടിവെള്ളത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നു. പ്രദേശത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതും മീനച്ചിലാറിലെയും കൈത്തോടുകളിലെയും ജലനിലവാരം തന്നെയാണ്.
അശ്രദ്ധകൊണ്ടും വേണ്ടത്ര അവബോധം ഇല്ലാത്തതുകൊണ്ടും വലിച്ചെറിയുന്ന മാലിന്യങ്ങളാൽ ഇപ്പോൾത്തന്നെ ഈ പുഴ വിഷലിപ്തമാണ്. ഇനിയും ഇതിലേക്ക് രാസമാലിന്യങ്ങൾ കൂടി ഒഴുക്കിവിട്ടാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കും. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികൾ പുഴകളെ എങ്ങിനെ വിഷലിപ്തമാക്കുന്നു എന്നുള്ള പഠനങ്ങൾ ശ്രദ്ധേയമാണ്. മുവാറ്റുപുഴ നിർമല കോളജ് സുവോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എം. ആതിര, ജിജി കെ. ജോസഫ് എന്നിവർ 2017ൽ പുറത്തിറക്കിയ പഠനം സാധാരണക്കാർക്കുപോലും മനസിലാക്കാവുന്നതാണ്.
“പ്ലൈവുഡ് വ്യവസായങ്ങളിൽ ചെമ്പ്, ക്രോമിയം ലവണങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളാണ്. അവ അവശ്യ സൂക്ഷ്മ മൂലകങ്ങളാണെങ്കിലും അവയുടെ ഉയർന്ന അളവ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഫോർമാൽഡിഹൈഡ് വെള്ളത്തിൽ കാണപ്പെടുന്ന ഒരു സാധാരണ സംയുക്തമല്ല, ഇത് ഒരു പ്രാഥമിക ജല മലിനീകരണ ഘടകമായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ, അതിന്റെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്ലൈവുഡ് നിർമിക്കാൻ ഉപയോഗിക്കുന്ന റെസിനിലെ ഒരു പ്രധാന ഘടകമാണ് ഫോർമാൽഡിഹൈഡ്. ഇത് വിഷമാണ്. അലർജിക്ക് കാരണവും അർബുദം ഉണ്ടാക്കുന്നതുമാണ്.” -പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷ മലിനീകരണം
കിടാക്കുഴി പ്ലൈവുഡ് ഫാക്ടറിയിൽനിന്ന് ഉയരുന്ന പുക സമീപവാസികളെ കാര്യമായിത്തന്നെ അലോസരപ്പെടുത്താൻ തുടങ്ങിക്കഴിഞ്ഞു. രണ്ടു കുന്നുകൾക്കിടയിലുള്ള താഴ്വരയിലാണ് ഫാക്ടറി. ഫാക്ടറിയുടെ പുകക്കുഴൽ ഇരുകുന്നുകളിലുമുള്ള ധാരാളം വീടുകളേക്കാൾ താഴ്ന്ന നിലയിലാണ്. നല്ല ചെരിവുള്ള കുന്നുകളായതിനാൽ പുകക്കുഴലും വീടുകളും തമ്മിലുള്ള ആകാശദൂരം വളരെ കുറവാണ്. ഇവിടെയുള്ള വൃദ്ധർക്കും കുഞ്ഞുങ്ങൾക്കും രോഗികൾക്കും പ്രത്യക്ഷമായി ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങി.
ധാരാളം കുഞ്ഞുങ്ങൾ പഠിക്കുന്ന അങ്കണവാടിയിൽനിന്നു രണ്ടു മീറ്റർ മാത്രം അകലത്തിലാണ് ഫാക്ടറി കോമ്പൗണ്ട് ആരംഭിക്കുന്നത്. ഫാക്ടറിക്ക് അകെയുള്ളത് രണ്ടേക്കറിൽ താഴെ സ്ഥലം മാത്രവും. കുഞ്ഞുങ്ങളെ ഇതുപോലെ അപകടപ്പെടുത്തുന്ന ഒരു ഫാക്ടറി അങ്കണവാടിയോടുചേർന്ന് അനുവദിക്കപ്പെട്ടിരിക്കുന്നു എന്നത് ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനമായ സമീപനത്തെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെക്കുറിച്ചു പ്രതികരിച്ച നാട്ടുകാരുടെ മുൻപിൽ വാർഡ് മെമ്പർക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, “അവരുടെ പേപ്പറുകൾ എല്ലാം വളരെ ക്ലീനായിരുന്നു”. പേപ്പറുകൾ മാത്രമല്ല പ്രകൃതിയും ക്ലീൻ ആകണം, കുഞ്ഞുങ്ങൾ ശുദ്ധവായുവും ശുദ്ധജലവും അനുഭവിച്ചു വളരണം. അതാരുടെയും ഔദാര്യമല്ല, മറിച്ച്, ഈ നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്.
തീർഥാടനം
ശബരിമല തീർഥാടനകാലത്തെ അയ്യപ്പഭക്തന്മാരുടെ ഒരു പ്രധാന ഇടത്താവളമാണ് മീനച്ചിലാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കടപ്പാട്ടൂരമ്പലം. മീനച്ചിലാറിലേക്കു മാരകമായ വിഷപദാർഥങ്ങളടങ്ങിയ മലിനജലം ഒഴുക്കിവിടുന്നതിലൂടെ, പരസഹസ്രം അയ്യപ്പഭക്തന്മാരുടെ ആയുസിനും ആരോഗ്യത്തിനും വെല്ലുവിളി ഇത്തരം ഫാക്ടറികൾ ഉയർത്തിവിടുന്നു. അരുവിത്തുറ പള്ളി, ഭരണങ്ങാനം പള്ളി, ചേർപ്പുങ്കൽ പള്ളി തുടങ്ങിയ പ്രമുഖ ക്രിസ്തീയ തീർഥാടന കേന്ദ്രങ്ങളും അവയുടെ ജല ആവശ്യങ്ങൾക്കായി ഇതേ പുഴയെ ആശ്രയിക്കുന്നു. രോഗിയായ മീനച്ചിലാർ കേവലം ആ നാട്ടുകാരുടെ മാത്രം ഒരു പ്രശ്നമായി എഴുതിത്തള്ളാനാകില്ല.
ആരോഗ്യപ്രശ്നങ്ങൾ
ഡസൻകണക്കിനു പ്ലൈവുഡ് ഫാക്ടറികൾ തുടങ്ങുകയും അതിൽനിന്നെല്ലാം വിഷജലം പുറന്തള്ളുകയും ചെയ്താൽ ജനങ്ങൾക്ക് ഉണ്ടാകാൻപോകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു സമഗ്രമായ പഠനം നടത്തേണ്ടിയിരിക്കുന്നു. ഒപ്പം മീനച്ചിലാറിലെയും അത് എത്തിച്ചേരുന്ന വേമ്പനാട്ടു കായലിലെയും മത്സ്യസമ്പത്തിനു വരുത്തുന്ന ദോഷങ്ങളും പഠനവിധേയമാക്കേണ്ടതുണ്ട്. പ്ലൈവുഡ് ഫാക്ടറികളിൽനിന്നു വരുന്ന മലിനജലം പുഴകളുടെയും സമീപത്തുള്ള കിണറുകളുടെയും ജലത്തിലെ അമ്ലത്വം വർധിപ്പിക്കുകയും അനാരോഗ്യകരമാക്കുകയും ചെയ്യുന്നതായി പെരുമ്പാവൂരിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. കുറഞ്ഞ വർഷങ്ങൾകൊണ്ട് കാൻസർ അടക്കമുള്ള വിവിധ മാരക രോഗങ്ങളുടെ ഹബ്ബായി ഒരു വലിയ പ്രദേശത്തെ മാറ്റാൻ ശക്തിയുള്ളതാണ് വിഭാവന ചെയ്യുന്നതും പ്രവർത്തനം ആരംഭിച്ചതുമായ പ്ലൈവുഡ് ഫാക്ടറികൾ.
സാമ്പത്തിക ആഘാതം
അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും കൃഷിയെയും കാർഷിക കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും. അന്തരീക്ഷത്തിലും വെള്ളത്തിലും അടങ്ങിയിരിക്കുന്ന മാരകമായ രാസവസ്തുക്കൾ കാർഷികവിളകളിലേക്കും താമസംവിനാ പ്രവേശിക്കുകതന്നെ ചെയ്യും. കേരളത്തിന് ഏറെ വിദേശ നാണ്യം നേടിത്തരുന്ന കുരുമുളക്, മഞ്ഞൾ, കാപ്പി, കൊക്കോ തുടങ്ങിയവയിൽ രാസവസ്തുക്കളുടെ സാന്നിധ്യം അനുവദനീയമായതിലും കൂടിക്കഴിഞ്ഞാൽ, ഇപ്പോൾതന്നെ നടുവൊടിഞ്ഞിരിക്കുന്ന സാമ്പത്തികമേഖല ഒന്നുകൂടി തകർന്നടിയും.
ഗുണനിലവാരമുള്ള തനതു ഭക്ഷ്യവസ്തുക്കൾ നിർമിച്ചു സ്വദേശത്തും വിദേശത്തും വിപണനം ചെയ്തു ജീവിതം കരുപ്പിടിപ്പിക്കാൻ പരിശ്രമിക്കുന്ന സംരംഭകരോടും അവരുടെ സഹപ്രവർത്തകരോടും ആശ്രിതരോടും ചെയ്യുന്ന ദ്രോഹമാണ് യാതൊരുവിധ തത്വദീക്ഷയുമില്ലാതെ പടുത്തുയർത്തുന്ന ഇത്തരം ഫാക്ടറികൾ. ക്രമാതീതമായി നാടുവിട്ടുകൊണ്ടിരിക്കുന്ന മലയാളി യുവത്വത്തിന്റെ അവസാന പ്രതീക്ഷകളെക്കൂടി തല്ലിക്കെടുത്തുന്ന ഇത്തരം പ്രതിലോമകരമായ നയങ്ങളിൽനിന്ന് എത്രയും പെട്ടെന്ന് പിന്മാറേണ്ടതാണ്.
തൊഴിലാളി ക്ഷേമം
നിലവിൽ അൻപതോളം തൊഴിലാളികൾ കിടാക്കുഴി ഫാക്ടറിയിൽ പണിയെടുക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാക്ടറി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ 180ൽ അധികം തൊഴിലാളികൾ സ്ഥിരജോലിക്കാരായി വേണ്ടിവരും. നൂറു ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് ഈ ഫാക്ടറി പ്രവർത്തിക്കുന്നത്. നിലവിൽ ഈ തൊഴിലാളികൾ എല്ലാവരും ഫാക്ടറി കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് താമസിക്കുന്നത്.
ഫാക്ടറിയടക്കം കേവലം രണ്ടേക്കറിൽ താഴെ മാത്രമുള്ള കോമ്പൗണ്ടിൽ തികച്ചും അനാരോഗ്യകരമായ സാഹചര്യത്തിൽ ഇരുപത്തിനാലു മണിക്കൂറും ജീവിക്കേണ്ടിവരുന്ന തൊഴിലകളുടെ ദയനീയ അവസ്ഥയും പരിഗണന അർഹിക്കുന്നു. മണ്ണിന് ഒട്ടും ആഴമില്ലാത്ത സ്ഥലമാണ് കിടാക്കുഴിത്തോടിന്റെ ഇരുകരകളും. ഒരു മീറ്ററിൽ താഴെ പാറ കാണുന്ന സ്ഥലമാണിത്. ഇവിടെ ഇത്രയധികംപേർക്ക് ആവശ്യമായ സെപ്റ്റിക് ടാങ്ക് പണിയുക അസാധ്യമാണ്.
സെപ്റ്റിക്ടാങ്ക് അവശിഷ്ടങ്ങൾ തോടിനെ കൂടുതൽ മലിനമാക്കാൻ അധികം നാളുകൾ ആവശ്യമില്ല. ഇതര സംസ്ഥാന തൊഴിലാളികൾ പെരുകുന്നത് നാട്ടുകാരിൽ ആശങ്കയാകുന്നുണ്ട്.
വേണ്ടത് വ്യവസായ പാർക്കുകൾ
ഇത് കിടാക്കുഴി ഫാക്ടറിയുടെ മാത്രം പ്രത്യേകതയല്ല. ഫാക്ടറികൾക്കായി ഇതുവരെ ഏറ്റെടുത്തിരിക്കുന്ന സ്ഥലങ്ങളിലെല്ലാം സമാന സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. വ്യവസായവളർച്ച നാടിന് ആവശ്യമാണ്. എന്നാൽ, വ്യവസായവളർച്ച കൈവരിച്ച നാടുകളിലെല്ലാം കൃത്യമായ ആസൂത്രണത്തോടെയാണ് അതു നേടിയിട്ടുള്ളത്.
പ്ലൈവുഡ് ഫാക്ടറികൾ നാടിന്റെ വളർച്ചയ്ക്ക് ആവശ്യമാണെങ്കിൽ അതിനായി സുരക്ഷിതമായ വ്യവസായ പാർക്കുകൾ ഉണ്ടാക്കുകയാണ് വേണ്ടത്. ജലസ്രോതസുകളെയും അന്തരീക്ഷത്തെയും മലിനപ്പെടുത്താനുള്ള സാധ്യത ഏറ്റവും കുറച്ച്, ജനവാസ കേന്ദ്രങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും ആരോഗ്യകരമായ അകലം പാലിച്ചുകൊണ്ടായിരിക്കണം അവ സ്ഥാപിക്കേണ്ടത്.
തൊഴിലാളികൾക്ക് അന്തസോടെ ജീവിക്കാനുള്ള പരിസരങ്ങളുണ്ടാകണം. കാർഷിക മേഖലകളെ ഒഴിവാക്കിക്കൊണ്ടും പരിസരമലിനീകരണം കുറയ്ക്കുന്ന പുത്തൻ സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തികൊണ്ടും വിശാലമായ വ്യവസായ പാർക്കുകൾ വ്യക്തമായ പ്ലാനിംഗോടുകൂടി കൊണ്ടുവരികയാണ് നാടിനു ഗുണകരം. ശരിയായ പേപ്പറുകളല്ല ശുദ്ധമായ, ആരോഗ്യകരമായ പരിസരങ്ങളാണ് നാടിന് ആവശ്യം. അതാണ് നമ്മുടെ വരുംതലമുറയ്ക്ക് അവകാശമായി നൽകേണ്ടത്.
സ്ഥലം പഞ്ചായത്ത് തത്സ്ഥിതി
കിടാക്കുഴി അകലക്കുന്നം പ്രവർത്തനം തുടങ്ങി
വലിയകാവുമ്പുറം ഭരണങ്ങാനം പ്രവർത്തനം തുടങ്ങി
പടിയാട്ടുമല തിടനാട് പ്രാരംഭ നടപടികൾ
ആലുറുമ്പു എലിക്കുളം പ്രാരംഭ നടപടികൾ
നായിപ്ലാവ് എലിക്കുളം പ്രാരംഭ നടപടികൾ
മൂലേതുണ്ടി കൊഴുവനാൽ പ്രാരംഭ നടപടികൾ
അഞ്ഞൂറ്റിമംഗലം തലപ്പലം പ്രാരംഭ നടപടികൾ
ചാത്തൻകുളം മീനച്ചിൽ പ്രാരംഭ നടപടികൾ
മേരിലാൻഡ് മേലുകാവ് പ്രാരംഭ നടപടികൾ
മണിയങ്കുളം പൂഞ്ഞാർ തെക്കേക്കര പ്രാരംഭ നടപടികൾ
Tags :