ഭാരതത്തിലെ വിവിധ സമുദായങ്ങള്‍ തുല്യമായി അനുഭവിക്കേണ്ട ഭരണഘടനാപരമായ പല അവകാശങ്ങളും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളിൽ നടക്കുന്ന വിവാദങ്ങള്‍ ഇതിനൊരു തെളിവാണ്.
ഒരു വിദ്യാര്‍ഥി ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് വിദ്യാര്‍ഥിയുടെ അവകാശമാണ്. എന്നാല്‍, ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളില്‍ ഏത് യൂണിഫോം ധരിക്കണമെന്ന് പറയാനുള്ള ഭരണഘടനാപരമായ അവകാശം സ്കൂളിന്റേതാണ്. ക്രൈസ്തവന്റെ സ്വകാര്യ ഇടങ്ങളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഭരണകൂടവും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ കണ്ണുവച്ച് ക്രൈസ്തവന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുകയാണ്.
സെന്റ് റീത്താസ് സ്കൂളിലെ പ്രിന്‍സിപ്പലിന്, ഒരു സ്ത്രീക്ക് പൊതുസമൂഹത്തില്‍ നല്‍കേണ്ട മാന്യതപോലും നല്കാന് ഇവിടത്തെ ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. ഈ രീതിയിലാണ് പൊതുസമൂഹം മുന്നോട്ടു പോകുന്നതെങ്കില്‍ ക്രൈസ്തവന് എന്ന അവസ്ഥയില്‍ ഭാരതത്തില്‍ ജീവിക്കുക അസാധ്യമായിത്തീരും.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ തീവ്രവാദവും ഇന്ന് ക്രൈസ്തവരെയാണ് വേട്ടയാടുന്നതെങ്കില്‍ നാളെ അത് പൊതുസമൂഹത്തിന്റെതന്നെ നിലനില്‍പ്പിന് അപകടകരമായിത്തീരും. ഭിന്നശേഷി സംവരണത്തിന്റെ മറവിൽ അധ്യാപക നിയമനം നിഷേധിക്കുന്ന സർക്കാർ സമീപനവും വെല്ലുവിളി തന്നെ. ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് നീതി. ഈ നീതി നടപ്പിലാക്കുക എന്നതാണ് രാഷ്ട്രത്തിന്റെ കടമ. ഈ കടമ നിറവേറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്ന വിവിധ മേഖലകളെ പൊതുസമൂഹത്തിന്റെ മുന്പില് അവതരിപ്പിക്കുക എന്നതാണ് കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ അവകാശസംരക്ഷണ യാത്രയുടെ ലക്ഷ്യം.
വിവിധ തലങ്ങളില്‍ പൊതുസമൂഹവും, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹവും അനുഭവിക്കുന്ന മൗലികാവകാശ ലംഘനങ്ങളും നീതിനിഷേധവും ചൂണ്ടിക്കാണിക്കുക, പൊതുസമൂഹത്തെ ബോധവത്കരിക്കുക, രാഷ്ട്രീയ-ഭരണ നേതൃത്വത്തെ അറിയിക്കുക, ക്രൈസ്തവ സമുദായം രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും രാഷ്ട്രീയ ശക്തിയാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവകാശ സംരക്ഷണ യാത്ര നടത്തിയത്.
ഉത്തരവാദിത്വം സര്‍ക്കാരിന്
ക്രൈസ്തവ കുടുംബങ്ങൾ മലയോര മേഖലയിലേക്കു നടത്തിയ ധീരമായ കുടിയേറ്റങ്ങളാണ് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. മലയോര മേഖലയിലും കുട്ടനാട് പോലുള്ള കായല്‍ മേഖലയിലും പൊന്നുവിളയിച്ച ക്രൈസ്തവ കര്‍ഷകസമൂഹം എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ട ഗതികേടിലെത്തിയിരിക്കുന്നതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സര്‍ക്കാരിനാണ്.
ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിന്റെ നവോത്ഥാനത്തിന് തിരികൊളുത്തിയത്.
കേരളത്തില്‍ ക്രൈസ്തവര്‍ നടത്തുന്ന സ്കൂളുകളിലും കലാലയങ്ങളിലും മതമൗലികവാദികള്‍ നടത്തുന്ന കൈയേറ്റങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണകര്‍ത്താക്കളുടെയും മൗനവും പക്ഷപാതപരമായ നിലപാടുകളും ചിന്തിക്കുന്ന ക്രൈസ്തവരെ ഭയപ്പെടുത്തുന്നു. ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. ക്രൈസ്തവര്‍ക്ക് പ്രതിസന്ധികള്‍ വളര്‍ച്ചയ്ക്കുള്ള വളമാണ്. ഇക്കാര്യം കഴിഞ്ഞ രണ്ടാഴ്ചയായി കത്തോലിക്ക കോണ്‍ഗ്രസിന് വിശ്വാസികളും പൊതുസമൂഹവും നല്കുന്ന പിന്തുണയില്നിന്നു വ്യക്തമാണ്. ക്രൈസ്തവ അവകാശങ്ങൾ പ്രതിപാദിക്കുന്ന ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ സർക്കാർ നടത്തുന്ന ഒളിച്ചുകളി അവഗണനയുടെ നേർചിത്രമാണ്.
റബർ, നെല്ല് ഉൾപ്പെടെ കൃഷിചെയുന്ന കർഷകർ ഗുരുതര പ്രതിസന്ധിയിലായിട്ടും സർക്കാർ വാക്ക് പാലിക്കാത്തത് പ്രതിഷേധാർഹമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിൽ സർക്കാരും വനംവകുപ്പും പരാജയപ്പെടുന്നു.
രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ഭരണാധികാരികൾക്കുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കട്ടെ. സമുദായത്തിനു നേരേയുള്ള അധിനിവേശങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന മൗനവും നിസംഗതയും ഒളിച്ചുകളിയും കുറ്റകരമായ അവഗണന തന്നെ. ഈ സാഹചര്യത്തിൽ കത്തോലിക്ക കോൺഗ്രസ് അവകാശസംരക്ഷണ യാത്രയിലൂടെ ഒരു അവകാശപത്രിക സമർപ്പിക്കുകയാണ്.
അവകാശ പത്രിക