തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്തോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം നടന്നത്. നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായി സംഘര്‍ഷം നടന്നുവന്നിരുന്നത്.
Tags : CPM SDPI clash CPM-SDPI clash CPM branch secretary attacked