ചക്കിട്ടപാറ: പഞ്ചയത്തിലെ 9,11, 12 ,13 വാർഡുകളിലെ വോട്ടർ പട്ടികയിൽ സിപിഎമ്മും ചില ഉദ്യോഗസ്ഥൻമാരും ചേർന്ന് വ്യാപക ക്രമക്കേട് നടത്തിയതായി ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചു.
സിപിഎമ്മിനു ഭൂരിപക്ഷമുള്ള വാർഡുകളിൽ നിന്ന് ഇതേ പാർട്ടിയിലുള്ള വോട്ടർമാരെ ഇവർക്ക് ഭൂരിപക്ഷം കുറഞ്ഞ വാർഡുകളിലേക്ക് മാറ്റി ചേർത്തതായാണ് കോൺഗ്രസുകാർ ആരോപിക്കുന്നത്. ഇതിനെച്ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയുമായും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായും വാക്കേറ്റമുണ്ടായി. കോൺഗ്രസുകാരോട് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരിയെ മർദിക്കാനും ശ്രമമുണ്ടായി.
വാക്കേറ്റത്തിനൊടുവിൽ പ്രതിഷേധവുമായി കോൺഗ്രസുകാർ ചക്കിട്ടപാറ ടൗണിലേക്ക് പ്രകടനമായി നീങ്ങി. തുടർന്നു നടന്ന യോഗത്തിൽ പാർട്ടി നേതാവ് ജെയിംസ് മാത്യു പ്രസംഗിച്ചു. 20 വർഷത്തെ തുടർ ഭരണത്തിൽ വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ പറ്റാത്തതിൽ പരാജയഭീതി ഉണ്ടായതോടെയാണ് വോട്ടർ പട്ടികയിൽ സിപിഎം ക്രമക്കേട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനത്തിന് ജിതേഷ് മുതുകാട്, റെജി കോച്ചേരി, ജോർജ് മുക്കള്ളിൽ, ബാബു കൂനന്തടം, ഗിരിജ ശശി, തോമസ് ആനത്താനം, പാപ്പച്ചൻ കൂനന്തടം, എബിൻ കുംബ്ലാനി, ജെയിൻ ജോൺ, ബാബു പള്ളിക്കുടം, എം.ടി. വർഗീസ്, തങ്കച്ചൻ കളപ്പുര, കെ.കെ.രജീഷ്, അനൂപ് മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags :