മാനന്തവാടിയിൽ പട്ടികജാതി-വർഗ വികസന വകുപ്പ് സംഘടിപ്പിച്ച വിഷൻ-2031 സെമിനാർ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്ക് മുൻഗണനാ പദ്ധതികൾ സ്വയം നിർണയിക്കാനുള്ള അവസരമാണ് വിഷൻ-2031 സംസ്ഥാനതല സെമിനാറിൽ ഒരുക്കുന്നതെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു.
കഴിഞ്ഞ 10 വർഷം നടപ്പാക്കിയ പദ്ധതികൾ വിലയിരുത്തി ഭാവി കാഴ്ചപ്പാടും വികസന പദ്ധതികളും രൂപീകരിക്കുന്നതിന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പട്ടികജാതി-വർഗ വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വർഗക്കാർക്കുള്ള പദ്ധതികൾ അവരുമായി ബന്ധമില്ലാത്തവർ തീരുമാനിക്കുന്നുവെന്ന ആരോപണം ഏറെക്കാലമായി ഉള്ളതാണ്. പിന്നാക്ക ജനവിഭാഗങ്ങളും അവർക്കായി ഇടപെടുന്നവരും ഒന്നിച്ചിരുന്ന മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്ത് പോരായ്മകൾ കണ്ടെത്തുകയാണ് സെമിനാറിലൂടെ ചെയ്യുന്നത്. ഒരു ദശാബ്ദത്തിനിടെ പട്ടികജാതി-വർഗക്കാരുടെ ജീവിതത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ വികസന നയരേഖ കരട് മന്ത്രി അവതരിപ്പിച്ചു. ആറളം ഫാമിന്റെ എമറാൾഡ് ജൂബിലി ലോഗോ പട്ടികവർഗ വികസന ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷത വഹിച്ചു. പട്ടികജാതി-വർഗ ക്ഷേമത്തിൽ ഒരു പതിറ്റാണ്ടിനിടെ അഭിമാനാർഹായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ച പണം നൽകാത്ത കേന്ദ്ര സർക്കാരിനെതിരേ രാഷ്ട്രീയത്തിന് അതീതമായി ശബ്ദം ഉയരണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.
പട്ടികജാതി വികസന ഡയറക്ടർ ഡി. ധർമലശ്രീ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. സുമോദ് എംഎൽഎ, പദ്മശ്രീ ചെറുവയൽ രാമൻ, സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ ചെയർപേഴ്സണ് സി.കെ. രത്നവല്ലി, പട്ടികജാതി-വർഗ വികസന കോർപറേഷൻ ചെയർമാൻ കെ.കെ. ഷാജു, എസ്സി-എസ്ടി ഫെഡറേഷൻ ചെയർമാൻ സി. രാധാകൃഷ്ണൻ,
പിന്നാക്കവിഭാഗ ക്ഷേമ ഡയറക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ. ദേവകി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ജിജു പി. അലക്സ്, പി.കെ. ജമീല, ഡോ.കെ. രവിരാമൻ, ആസൂത്രണ ബോർഡ് മേധാവി ജെ. ജോസഫൈൻ, പട്ടികജാതി-വർഗ കമ്മീഷൻ അംഗം ടി.കെ. വാസു, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.എ.ജി. ഒലീന, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പട്ടികജാതി-വർഗ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Vision-2031 Wayanad