ഇടുക്കി: അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ വിശദീകരണവുമായി ദേശീയ പാത അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ഒരു നിർമാണവും നടന്നിരുന്നില്ലെന്നും ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും ദേശീയ പാതാ അതോറിറ്റി പറയുന്നു.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതം ശനിയാഴ്ച രാവിലെ 10 മുതൽ നിർത്തിവച്ചിരുന്നു.
നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ ദേശീയപാതാ അതോറിറ്റി പറയുന്നു.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി ഏകോപിപ്പിച്ച് ദേശീയപാതാ അതോറിറ്റി മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്ക്കുന്നതിനായി നിരവധി പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. ഈ മുൻകരുതൽ നടപടികൾ നാശനഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സ്ഥലത്ത് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. പ്രദേശത്തെ സാഹചര്യം പൂർണമായും സാധാരണ നിലയിലാകുന്നതിനായി ജില്ലാ ഭരണകൂടം, എംപി, എംഎൽഎ, പ്രാദേശിക ഭരണകൂടം, പ്രദേശ നിവാസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.