തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പിൽ സ്വർണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബംഗളൂരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചു. ബെള്ളാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം നടത്തിയത്.
മൂന്ന് ദിവസമായി ബംഗളൂരു, ചെന്നൈ, അടക്കം കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള എസ്.പി ശശിധരന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നത്. റോഡ് മാർഗമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലെത്തിച്ചത്.
സ്മാർട്ട് ക്രിയേഷൻസിലടക്കം ചെന്നൈയിൽ മൂന്നിടങ്ങളിൽ പോറ്റിയുമായി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രത്യേക സംഘത്തിലെ ഒരു ടീം ബെള്ളാരിയിലെത്തി സ്വർണവ്യാപാരി ഗോവർദ്ധനനെ ചോദ്യം ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റിയില്ലാതെയായിരുന്നു ബെല്ലാരിയിലെ തെളിവെടുപ്പ്. പോറ്റിയുമായി ഗോവർദ്ധൻ നടത്തിയ പണമിടപാടുകളുടെ രേഖകളും കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഘം ബംഗളൂരുവിലെ പോറ്റിയുടെ വീട്ടിലും പരിശോധനയക്ക് നേതൃത്വം കൊടുത്തു. വീട്ടിൽനിന്ന് 176 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തു.