തിരുവനന്തപുരം: പിഎം ശ്രീയില്‍ പരസ്യ വിമർശനവുമായി മന്ത്രി പി. പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുന്നെന്നും അജണ്ടകളോട് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. പി എം ശ്രീയിൽ ഒപ്പുവയ്ക്കണം എന്നു പറയുമ്പോഴും ഇതാണ് അവസ്ഥ. അതുകൊണ്ടാണ് ഇതൊന്നും വേണ്ട എന്ന് ഞങ്ങൾ പറഞ്ഞത്. പിഎം ശ്രീയിൽ ഒപ്പുവച്ചാൽ ഒപ്പുവയ്ക്കുന്ന സംസ്ഥാനങ്ങൾ പിഎം ശ്രീയുടെ ഷോ കേസുകളായി പ്രവർത്തിക്കണം എന്നാണ് നിർദേശം.
ഷോകേസുകളായി പ്രവർത്തിക്കുക എന്നാൽ സംഘപരിവാർ അജണ്ട നടപ്പിലാക്കണം എന്നതാണ്. ഒപ്പുവച്ചാൽ ഈ നയങ്ങളും പരിപാടികളും അനുസരിച്ചേ മതിയാവൂ. അത് നാടിനെ ദുരിതത്തിലാക്കും. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം വരും.
ഗാന്ധിയെ വധിച്ചവർക്കുപോലും പ്രാമുഖ്യം കിട്ടുന്നു. തലമുറകളെ ഗ്രസിക്കുന്ന അപകടത്തെ കാണാതിരിക്കാനാവില്ല. കൂടാതെ വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണ്.
നരേന്ദ്ര മോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ്. രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും എന്നും പ്രസാദ് കൂട്ടിച്ചേർത്തു.