വെള്ളൂർ: സംസ്ഥാന ബജറ്റിൽ അനുവദിച്ച മൂന്നുകോടി രൂപ വിനിയോഗിച്ച് നിർമിച്ച വെള്ളൂർ ഇറുമ്പയം പെരുന്തട്ട് അത്യാധുനിക സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഇറുമ്പയം പെരുന്തട്ടിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും.
ഫ്ലഡ് ലൈറ്റ് സൗകര്യങ്ങളോടു കൂടിയ ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഓപ്പൺ ജിം, ഡ്രസ് ചെയ്ഞ്ചിംഗ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെ ആധുനിക നിലവാരത്തിലാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ഇതോടെ വൈക്കത്തെ രണ്ടാമത്ത സർക്കാർ സ്റ്റേഡിയമാണ് മാസങ്ങൾക്കിടയിൽ നാടിനു സമർപ്പിക്കുന്നത്.
വൈക്കം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും വൈക്കം വെസ്റ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമായി രണ്ടു സ്റ്റേഡിയങ്ങൾകൂടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ സ്റ്റേഡിയങ്ങളുടെ നിർമാണം വൈക്കത്തിന്റെ കായികരംഗത്തെ വികസനങ്ങൾക്കു വേഗംപകരും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹനൻ, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമൽ ഭാസ്കർ, തങ്കമ്മ വർഗീസ് എന്നിവർ പങ്കെടുക്കും.
Tags : Vellore Iron nattuvishesham local