കൊല്ലം: കൊല്ലം കോർപറേഷന്റെ ദുർഭരണത്തിനെതിരായി യുഡിഎഫ് കുറ്റവിചാരണ യാത്ര നടത്തും. എൽഡിഎഫ് ദുർഭരണത്തിൽ നിന്നും കൊല്ലം നഗരത്തെ മോചിപ്പിക്കാനുള്ള പ്രവർത്തന ഭാഗമായി എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുറ്റവിചാരണ യാത്രയാണ് നടത്തുന്നത്.
നാളെ ആരംഭിക്കുന്ന യാത്ര പരിപാടി 30നാണ് സമാപിക്കുക. അഡ്വ. ബിന്ദു കൃഷ്ണ, എ.കെ.ഹഫീസ്, നൗഷാദ് യൂനുസ്, മറ്റുഘടക കക്ഷി നേതാക്കൾ എന്നിവർ അംഗങ്ങളായിരിക്കും. ജോർജ് ഡി.കാട്ടിൽ, അഡ്വ. എം. എസ്.ഗോപകുമാർ എന്നിവരാണ് ജാഥ മാനേജർമാർ.
കുറ്റവിചാരണ യാത്ര അഞ്ചാലുംമൂട്ടിൽ നാളെ രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 30ന് കാവനാട് ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ് എംപി, ഷിബു ബേബി ജോൺ, ജി. ദേവരാജൻ, എ.എ. അസിസ്, തോമസ് ഉണ്ണിയാടൻ, കെ. എം .ഷാജി, പി. സി. വിഷ്ണുനാഥ് എംഎൽഎ, എ. എൻ. രാജൻ ബാബു, വി. എസ്. ശിവകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
കുറ്റവിചാരണ യാത്രക്ക് ശേഷം നവംബർ അഞ്ചിന് രാവിലെ 10ന് കോർപറേഷൻ കാര്യാലയത്തിന് മുന്നിൽ നടക്കുന്ന സമ്മേളനത്തിൽ കുറ്റപത്രം സമർപ്പിക്കും.കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.