ഇടുക്കി: മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് പ്രവർത്തനം നിർത്തുന്നു. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റം പവർഹൗസ് അടച്ചിടുന്നത്. അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നടപടി.
നവംബർ 11മുതൽ ഡിസംബർ 10 വരെ മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തും. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടർഫ്ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇൻലറ്റ് വാൾവുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കാണ് പവർഹൗസ് അടച്ചിടുന്നത്.
എന്നാൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി അറിയിച്ചത്. ജൂലൈയിൽ അധികമായി ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു.
ഇത് നവംബറിൽ അഞ്ച് ശതമാനം അധിക വൈദ്യുതി സഹിതം തിരിച്ചു കിട്ടുമെന്നും വിശദീകരിക്കുന്നു. ജൂലൈയിൽ അറ്റകുറ്റപ്പണി നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വന്നതോടെ മാറ്റി വെക്കുകയായിരുന്നു.
Tags : moolammattam power house maintenance work