കൊച്ചി: സിപിഐ മന്ത്രിമാർ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ.
നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകൾ ഇല്ലെന്ന പേരിൽ മുഖ്യമന്ത്രി പിരിച്ചുവിട്ടത്. തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് പിന്നീട് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചു.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർക്കുപുറമേ ധനമന്ത്രി കെ.എൻ. ബാലഗോപാലും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.
രാവിലെ ഒമ്പതിന് ഗസ്റ്റ് ഹൗസ് ഹാളിൽ എത്തിയ മുഖ്യമന്ത്രി, യോഗം തുടങ്ങിയ ഉടൻ മില്ലുടമകൾ എവിടെയെന്ന് ചോദിച്ചു.
അവരെ വിളിച്ചില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്നത്തേതെന്നും ഭക്ഷ്യമന്ത്രി മറുപടി നൽകി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകൾ ഇല്ലാതെ എന്തിനാണീ ചർച്ചയെന്ന് ചോദിച്ചു.
യോഗത്തിന്റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് സിപിഐ മന്ത്രിമാർ മറുപടി നൽകിയെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല.
പാലക്കാട് അടക്കം കൊയ്തെടുത്ത നെല്ല് വഴിയിൽ കിടിക്കുകയാണെന്ന് പറഞ്ഞ് കൃഷി മന്ത്രി ഇടപെടാൻ നോക്കിയെങ്കിലും രംഗം ശാന്തമായില്ല. ഒടുവിൽ അഞ്ചു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങി.
മില്ലുടമകളെക്കൂടി ഉൾപ്പെടുത്തി ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.
Tags : pinarayi vijayan postponed meeting called by the food department paddy procurement