ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി കേരളം. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് സകോറായ 436നെതിരെ കേരളം 371ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നാലെ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിൽ 65 റൺസിന്റെ നിർണായക ലീഡ് നേടിയതോടെ പഞ്ചാബിന് മൂന്ന് പോയിന്റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്റാണ് ലഭിച്ചത്.
ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.
നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.
പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്‍ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ സ്കോർ 360 റൺസിൽ നില്‍ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.
പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, നമാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Tags : Ranji Trophy Kerala Punjab