തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അടിയന്തരമായി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.
സിപിഐയുമായുളള അനുനയ ചര്‍ച്ചയ്ക്കായാണ് ഗോവിന്ദന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടത്. ബുധനാഴ്ച തളിപ്പറമ്പില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര യാത്രയെന്നാണ് സൂചന. ഇന്ന് രാവിലെയാണ് എംവി ഗോവിന്ദന് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തിയത്.
അതേസമയം, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ ഉറച്ചുനിൽക്കുകയാണ്. മന്ത്രിമാര്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ഉണ്ടാവണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിസഭ യോഗം കഴിയുന്നത് വരെ സെക്രട്ടറിയേറ്റിലേക്ക് നാല് മന്ത്രിമാരും പോകില്ല. ബുധനാഴ്ച രാവിലെ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അറിയിപ്പ് സിപിഐ നേതൃത്വത്തിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ എടുത്തത്. ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസത്തെ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനം തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും ഉണ്ടായത്. ബുധനാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരായ കെ രാജന്, പി പ്രസാദ്, ജി ആര് അനില്‍, ചിഞ്ചുറാണി എന്നിവര്‍ വിട്ടുനില്‍ക്കും.
ബുധനാഴ്ച്ച രാവിലെ പത്തരയ്ക്ക് നടത്താനിരുന്ന മന്ത്രിസഭ യോഗം വൈകീട്ട് 3.30ലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി സമവായത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് സമയമാറ്റം എന്നാണ് സൂചനകള്‍.
ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു.
Tags : pm shri scheme cpm cpi ldf government mv govindan benoy viswam