District News
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഐക്യജനാധിപത്യ മുന്നണി ചരിത്രവിജയം നേടുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് പറഞ്ഞു.
പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വർണക്കടത്തും അഴിമതി ഭരണവും നടത്തുന്ന പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പെന്നു കൺവൻഷൻ വിലയിരുത്തി. 30ന് മുന്‍പ് മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കാനും കൺവൻഷൻ തീരുമാനിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.യു. കുരുവിള, എം.പി. ജോസഫ്, അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ജോണി അരീക്കാട്ടിൽ, ബേബി വി. മുണ്ടാടൻ, ഷൈസൻ പി. മാമ്പുഴ, ജിസൺ ജോർജ്, ബേബി വട്ടക്കുന്നേൽ,
ചന്ദ്രശേഖരൻ നായർ, അലൻ ജോർജ്, ബോബി കുറുപ്പത്ത്, ഉണ്ണി വടുതല, അലിക്കുഞ്ഞ്, രാജു വടക്കേക്കര, ജോബ് പുത്തിരിക്കൽ, ജോഷ്വ തായംകേരി, സന്തോഷ് വർഗീസ്, എംവി ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ടി.എം. നജീബ്, സെബി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എംപിക്ക് മര്‍ദനമേറ്റ കേസിൽ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനിൽകുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എസിപിയായി നിയമനം നല്കി. മാര്‍ച്ച് നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടിരുന്ന രണ്ടു ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷൻ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങൾ. കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി നേരത്തെ പരാതി നൽകിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മർദിച്ചെന്നും റൂറൽ എസ്പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
നേരത്തെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു വീഴ്ച സമ്മതിച്ചിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.
ഷാഫി പറമ്പില്‍ എംപി പങ്കെടുത്ത യുഡിഎഫ് പ്രകടനത്തിനിടെ പോലീസിനു നേരേ അക്രമം നടത്തുകയും സ്ഫോടകവസ്തു എറിയുകയും ചെയ്തുവെന്ന കേസില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച് കെഎസ്യുവും എംഎസ്എഫും. മുട്ടിൽ ഡബ്ലൂഎംഒ കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണനും, ടി.സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തർക്കത്തെ തുടർന്ന് പല കോളജുകളിലും എംഎസ്എഫും കെഎസ്യുവും സഖ്യം ഉണ്ടായിരുന്നില്ല.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ വിജയിച്ച കെഎസ്യു എംഎസ്എഫിന് എതിരെ ബാനർ ഉയർത്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെഎസ്യു ഉയർത്തിയ ബാനർ.
District News
കൊച്ചി: തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.
എതിര്‍ക്കുന്നവരെ സിപിഎമ്മുകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.
തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Kerala
കോഴിക്കോട്: തദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കവുമായി ആദിവാസി നേതാവ് സി.കെ. ജാനു. ആദിവാസി, പിന്നാക്ക വിഭാഗ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മത്സരിക്കാനാണ് നീക്കം.
ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം അറിയിച്ചത്. യുഡിഎഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അംഗങ്ങൾ പറഞ്ഞു. എൻഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ പാർട്ടി, ഉടൻ ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് സി.കെ. ജാനു വ്യക്തമാക്കിയിരുന്നു.
ഏതാനും നാളുകൾക്ക് മുമ്പാണ് സി.കെ. ജാനുവിന്റെ നേതൃത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) എൻഡിഎയിൽനിന്ന് വിട്ടത്.
എൻഡിഎ വിട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജെആർപിയുമായി സഹകരിക്കാൻ താൽപര്യപ്പെട്ട് ചെറുതും വലുതുമായ പല പാർട്ടികളും സമീപിച്ചു. ഭാരതീയ ദ്രാവിഡ ജനതാ പാർട്ടി ജെആർപിയിൽ ലയിച്ചു. മറ്റുപല ചെറിയ ഗ്രൂപ്പുകളും താൽപര്യം അറിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഏതെങ്കലുമൊരു മുന്നണിയുമായി ചേർന്നു പോകണമെന്നാണ് ജെആർപി താൽപര്യപ്പെടുന്നത്. ഏത് മുന്നണിയെന്ന അന്തിമ തീരുമാനം ഇപ്പോഴായിട്ടില്ല.
മുന്നണികളുടെ ഭാഗമാകാഞ്ഞതിനാൽ പട്ടിക വിഭാഗങ്ങളുടെ ആവശ്യങ്ങൾ എവിടെയും സംബോധന ചെയ്യപ്പെടുന്നില്ല. സമരം നടക്കുമ്പോൾ വാർത്തകളിൽ വരുന്നതു മാത്രമേയുള്ളൂ. അവരുടെ ഉന്നമനത്തിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടായേ മതിയാകൂ.
അതിന് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകേണ്ടതുണ്ട്. പട്ടിക വിഭാഗക്കാർ നിയമസഭയിൽ ഉണ്ടായിട്ടും അവർ ഒരു വിഷയവും ചർച്ച ചെയ്യാൻ തയാറാകുന്നില്ല. വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും പോലുള്ള യുഡിഎഫ് നേതാക്കളാണ് ചില കാര്യങ്ങൾ അൽപമെങ്കിലും സംസാരിച്ചിട്ടുള്ളതെന്ന് സി.കെ. ജാനു പറഞ്ഞു.
Leader Page
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്‍ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്‍ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
1
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
NRI
കാൻബറ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സൗമ്യതയുടെ മുഖമായിരുന്ന പി.പി. തങ്കച്ചന്റെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി നേതാക്കൾ പങ്കെടുത്തു.
ഐഒസി ഓസ്ട്രേലിയ നാഷണൽ വൈസ് പ്രസിഡന്റുമാരായ സുരേഷ് വല്ലത്, അരുൺ പാലക്കാലോടി, നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, കൺവീനർ സി.പി. സാജു, ഒഐസിസി മുൻ ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ, ഷൈബു, പോൾ പരോക്കരൻ, ലിന്റോ ദേവസി, ആന്റണി യേശുദാസ്, ഷോബി എന്നിവർ സംസാരിച്ചു.
Editorial
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
District News
നിലന്പൂർ: നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ റോഡ് തകർന്നു. പ്രതിഷേധ സമരം സംഘടിപ്പിച്ച് യുഡിഎഫ്. നിലന്പൂർ നഗരസഭയിലെ പാടിക്കുന്ന് പി.വി. സ്കൂൾ റോഡാണ് നിർമാണം പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തകർന്നത്. പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘടനം ചെയ്തു.
പാടിക്കുന്ന് ഡിവിഷൻ യുഡിഫ് ചെയർമാൻ ശിഹാബ് ഇണ്ണി അധ്യക്ഷത വഹിച്ചു. കണ്‍വീനർ അനീഷ് ഇല്ലിക്കൽ, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ടി. റൂൻസ്ക്കർ, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷിബു പുത്തൻവീട്ടിൽ, യൂനുസ്, വി.കെ. ബുനൈസ്, ഷുഹൈബ് മുത്തു പള്ളിക്കണ്ടി, സുബൈദ തട്ടരശേരി എന്നിവർ പ്രസംഗിച്ചു.
അജ്മൽ ബിച്ചു, കെ.പി. ആമീൻ, റഫീഖ് പുന്നക്കാടൻ, ഇഹകീം, ലംസിക്, റഷീദ്, യൂനുസ്, നവാസ്, സുഹൈൽ എന്നിവർ നേതൃത്വം നൽകി.
Leader Page
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.
Leader Page
നിലന്പൂർ ജനത ഉപതെരഞ്ഞടുപ്പിലൂടെ നൽകിയ രാഷ്ട്രീയപാഠം പഠിക്കാനോ മനസിലാക്കാൻപോലുമോ ഇരുമുന്നണിക്കും സാധിക്കുന്നില്ല. അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നത്. ആര്യാടൻ ഷൗക്കത്തിന്റെ ജയം, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ പോരാടാനുള്ള ഉണർവ് ജനാധിപത്യമുന്നണിക്ക് നല്കുന്നു. തോറ്റിരുന്നെങ്കിൽ ഇടതുമുന്നണി മൂന്നാംതവണയും അനായാസം കടന്നുകൂടും എന്ന വിശ്വാസം ശക്തമാകുമായിരുന്നു. ഇപ്പോൾ പോരാടാനുള്ള സാധ്യത തെളിഞ്ഞുനിൽക്കുന്നു. എങ്കിലും മുന്നണിക്ക് ഏറെ അഭിമാനിക്കാനിക്കാവുന്ന വിജയമാണ് എന്നു പറയാനാവില്ല.
ഉപതെരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിനുള്ള ഷോക്ക്ട്രീറ്റ്മെന്റാണ്; പിണറായിയുടെ തോൽവിതന്നെയാണ്. 2016 മുതൽ അവരുടെ കൈവശമിരിക്കുന്ന സീറ്റാണ് കൈമോശം വന്നത്. എന്നിട്ടും ഭരണവിരുദ്ധവികാരമല്ല പ്രതിഫലിക്കപ്പെട്ടതെന്നും ഞങ്ങൾ ഒന്നും തിരുത്തേണ്ടതില്ലെന്നും പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിലന്പൂരിലെ ഇടതുസ്ഥാനാർഥി എം. സ്വരാജും അത് ഏറ്റുപാടുന്നവരും “തല്ലണ്ടമ്മാവാ ഞാൻ നന്നാകൂല്ല” എന്നു പറയുന്ന മരുമകനെപ്പോലെ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ തെരഞ്ഞടുപ്പു വിജയത്തോടെ 2026ൽ നൂറു സീറ്റോടെ ഞങ്ങൾ കേരള ഭരണം പിടിക്കുമെന്ന് ഉറപ്പായി എന്ന ജനാധിപത്യമുന്നണിയുടെ അവകാശവാദവും യാഥാർഥ്യബോധമുള്ളതല്ല. മാതൃക തേടി അകലെയൊന്നും പോകേണ്ട. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ സിപിഎമ്മിലെ എ.എം. ആരിഫ് ജയിച്ച, അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ രണ്ടായിരത്തിലധികം വോട്ടിനു ജയിച്ചു. എന്നിട്ടോ? കോണ്‍ഗ്രസ്, മുഖ്യമന്ത്രി പദവിയെക്കുറിച്ചും മറ്റുമുള്ള തർക്കങ്ങളിലായി. 2021ൽ പിണറായി രണ്ടാംവട്ടവും മുഖ്യമന്ത്രിയായി.
കോ-ലീ മണ്ഡലം
ജനാധിപത്യമുന്നണിയുടെ സ്ഥാനാർഥി 2011ന് ശേഷം ജയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നിലന്പൂർ. 2021ൽ അമരന്പലം, എടക്കര, കരുളായി, പോത്തുകൽ, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ മുനിസിപ്പാലിറ്റിയിലും അൻവറിനായിരുന്നു ലീഡ്. ഇക്കുറി കരുളായി ഒഴികെ എല്ലായിടത്തും ഷൗക്കത്ത് ലീഡ് ചെയ്തു.
ഈ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ശതമാനം 2021 ലെ 45.34 ശതമാനത്തിൽനിന്നും 44.17 ശതമാനമായും കുറഞ്ഞു. ഇടതുമുന്നണിക്ക് വോട്ട് ശതമാനം 46.9 ൽനിന്നും 37.88 ശതമാനമായി. ഈ ശതമാനക്കുറവിനും തോൽവിക്കും അവർക്ക് കൃത്യമായ മറുപടി ഉണ്ട്. ഇടതുമുന്നണിയും കോണ്‍ഗ്രസ് വിമതനും കൂടി നേടിയതാണ് 2021 ലെ 46.9 ശതമാനം. വിമതൻ മുന്നണി വിട്ടപ്പോൾ അതു ചോർന്നു. നിലന്പൂരിലെ മത്സരം പല കാരണങ്ങൾ കൊണ്ടും ഗൗരവമായി എടുക്കാതിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 2021 ലെ 4.96 ശതമാനത്തിൽ നിന്ന് 4.91 ആയി കുറഞ്ഞു.സ്വതന്ത്രനായി മത്സരിച്ച അൻവർ 11.23 ശതമാനം വോട്ട്പിടിച്ച് അത്ഭുതപ്പെടുത്തി. മുസ്ലിം തീവ്രവാദ പാർട്ടിയായി കണക്കാക്കപ്പെടുന്ന എസ്ഡിപിഐക്ക് 2021 ൽ 1.89 ശതമാനംവോട്ടാണ് ലഭിച്ചത്. 2025ൽഅത് 1.18 ആയി കുറഞ്ഞു. എല്ലാ പാർട്ടിക്കാർക്കും വോട്ടിലെ ശതമാനം കുറഞ്ഞ തെരഞ്ഞടുപ്പുഫലമാണ് നിലന്പൂരിൽ ഉണ്ടായത്.
കോണ്‍ഗ്രസും ലീഗും ഒന്നിച്ച് ഉറച്ചുനിന്നാൽ ഇടതുപക്ഷത്തെ തോൽപ്പിക്കാനാവുന്ന മണ്ഡലമാണ് നിലന്പൂർ എന്ന് വ്യക്തം. കുറെ മുസ്ലിം വോട്ട് പിടിക്കാനാവുന്ന കോണ്‍ഗ്രസ് വിമതരിലൂടെ മാത്രമെ സിപിഎമ്മിന് മണ്ഡലം പിടിക്കാനാവു.
ആഹ്ലാദിക്കാം, അഹങ്കരിക്കരുത്
ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കണ്ട് കോണ്‍ഗ്രസ് അഹങ്കരിക്കരുത്.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണു ചെയ്തത്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ചേലക്കര അവരും നിലനിർത്തി. കോണ്‍ഗ്രസ് വിമതനിലൂടെ ഇടതുമുന്നണി പിടിച്ച നിലന്പൂരിൽ വിമതൻ കൂറുമാറിയപ്പോൾ കോണ്‍ഗ്രസ് പിടിച്ചു. ചേലക്കരയിൽ ഇടതു ഭൂരിപക്ഷം കുറഞ്ഞു എന്നത് ജനാധിപത്യമുന്നണിക്ക് നല്ല സൂചനയാണ്. ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങളും ചേലക്കരയിലെ കുതിപ്പും കാണിക്കുന്നത് വോട്ടർമാർക്കിടയിൽ പിണറായിയോടുള്ള പകയാണ്. കോണ്‍ഗ്രസ് എന്തെങ്കിലും കൂടുതൽ നല്ല കാര്യം പറഞ്ഞതുകൊണ്ടോ പ്രവർത്തിച്ചതുകൊണ്ടോ അല്ല. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം 2026 ൽ ജയിക്കും എന്ന് തീർച്ചപറയാനാവുമോ?
പ്രതിപക്ഷ നേതാവ് പറഞ്ഞു, മൂന്നാംവട്ടവും പിണറായി വരും എന്നു കേട്ടാൽ ജനം പേടിച്ച് യുഡിഎഫിന് വോട്ടു ചെയ്യും എന്ന്. ശരിയാണ്. പക്ഷേ അവരുടെ പാർട്ടി വോട്ടുകൾ അവർക്കുതന്നെ കിട്ടും. നിഷ്പക്ഷരായ വോട്ടുകളാണ് ഇങ്ങനെ മാറുക. ഈ വോട്ടുകൾ പലയിടത്തു പോയാലോ? അതു തടയലാണ് ജനാധിപത്യമുന്നണിയുടെ തലവേദന.
പാർട്ടി ജയിക്കുന്ന കാലത്ത് അമരത്തുള്ളവൻ ചോദ്യംചെയ്യപ്പെടാത്തവനായി മാറാറുണ്ട്. പിണറായി വിജയനു സംഭവിച്ചത് അതാണ്. പാർട്ടി അടിമകൾ എല്ലാം സഹിക്കും. പിന്നെ എല്ലാത്തിലും പ്രയോജനം ഉണ്ടാക്കുന്നവരും. സാഹിത്യകാരന്മാരടക്കം. അത്തരം ലക്ഷ്യങ്ങൾ ഇല്ലാത്തവരാണ് ഭരണം മാറ്റുന്നത്. അവർ വോട്ടുചെയ്യുന്പോൾ അതു പ്രകടമാക്കുന്നു. ഇത്തരക്കാരിൽ ഒരാളെപ്പോലും അകറ്റാതിരിക്കുന്നിടത്താണ് എതിർപക്ഷത്തിന്റെ വിജയം. കാതു കുത്തിയവനെ വിട്ട് കടുക്കനിട്ടവനെ പേറാൻ അവർ തയ്യാറാവില്ല.
സതീശൻ പിണറായിയെപ്പോലെ ധാർഷ്ട്യം പുലർത്തുന്നു എന്ന ചിന്ത പാർട്ടിയിലും പുറത്തും ശക്തമാകുന്നുണ്ട്. ആപത്താണ് ഈ ശൈലി. ഞാൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചു, എന്നെ ആരും ക്യാപ്റ്റൻ എന്ന് വിളിച്ചില്ലല്ലോ എന്ന രമേശ് ചെന്നിത്തലയുടെ പരസ്യ പരിഭവത്തിന് കൂടുതൽ ആഴമുണ്ട്.
2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പിണറായിപക്ഷത്തെ തോൽപ്പിക്കുവാൻ ഇതുകൊണ്ടാവില്ല. പിണറായി സർക്കാരിനോടു പകയുള്ള മുഴുവൻപേരെയും ഒന്നിച്ചുനിർത്താൻ എതിർപക്ഷത്തിനാകണം. രാഷ്ട്രീയ തന്ത്രജ്ഞതയുള്ള നേതൃപാടവമാണ് കോണ്‍ഗ്രസിനു വേണ്ടത്.
നിലന്പൂരിൽ ഷൗക്കത്ത് ജയിച്ചു എന്നതു വാസ്തവം. പക്ഷേ പിണറായിയോടു പകയുള്ളവർ മുഴുവൻ ഷൗക്കത്തിന് വോട്ടുചെയ്തോ? ഇല്ല. പി.വി. അൻവർ പിടിച്ച 20,000 വോട്ടും പിണറായിവിരുദ്ധ വോട്ടുകളാവില്ലേ? വി.എസ്. ജോയിയും വി.വി. പ്രകാശിന്റെ കുടുംബവും കോണ്‍ഗ്രസിൽ ഉറച്ചുനിന്നത് അവരുടെ അന്തസ്. പക്ഷേ കോണ്‍ഗ്രസിനുള്ളിൽ ഒഴുക്കുണ്ടായി എന്ന് അൻവർ പറയുന്നതിൽ ഒരുകഴന്പും ഇല്ലെന്നുണ്ടോ. 2021 ൽ ഷൗക്കത്ത് ശരിക്കു പിടിച്ചെങ്കിൽ പ്രകാശ് വിജയിക്കുമായിരുന്നില്ലേ? സ്ഥാനാർഥിയായപ്പോൾ വോട്ടു ചോദിച്ചുപോലും ഷൗക്കത്തിന് പ്രകാശിന്റെ വീട്ടിലെത്താനായില്ല എന്ന സത്യം വ്യക്തമാക്കുന്നത് എന്താണ്. 2021ൽ പ്രകാശിനെ ഷൗക്കത്ത് വലിച്ചു എന്നല്ലേ? 2026 ൽ ഈ മണ്ഡലം നിലനിർത്താനാവുമെന്ന് ഉറപ്പുണ്ടോ. അന്ന് വി.എസ്. ജോയിയോ അതുപോലുള്ള ഒരു കോണ്‍ഗ്രസ് നേതാവോ റിബലായി വരില്ലെന്ന് ആരുകണ്ടു. ഇത്തരം ഒരു റിബൽ വന്നാൽ അൻവറും സഹായിക്കില്ലേ?
ജമാ അത്തെ ഇസ്ലാമി- വെൽഫെയർ പാർട്ടി ബന്ധം
തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നതിനും തിരിച്ചടി ഉണ്ടാവും. ഇത്തരത്തിൽ ഒരു കൂട്ടാണ് കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി ഉണ്ടാക്കുന്നത്. സമസ്തയെപ്പോലുള്ള മുസ്ലിം സംഘടനകൾപോലും ജമാ അത്തെ ഇസ്ലാമിക്ക് എതിരാണ്. ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നു കേരള അമീർ പി. മുജീബ് വിശദീകരിച്ചു. ജമാ അത്തെ ഇസ്ലാമി മാറിയെന്നു പറയണമെങ്കിൽ അവരുടെ സ്ഥാപക നേതാവിന്റെ ആശയം ഒഴിവാക്കണമെന്ന് സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മതവിശ്വാസികൾക്ക് അവരുടെ മതനിയമം പാലിക്കുവാനാകണം. അതിന് പ്രത്യേക പാർട്ടി വേണം എന്ന് പറയുന്നതാണ് മതരാഷ്ട്രവാദം. മതവ്യത്യാസമില്ലാതെ എല്ലാവരും മതരാഷ്ട്രവാദത്തിൽ നിന്ന് വിട്ടുനിൽക്കണം- കാന്തപുരം വ്യക്തമാക്കി. ഭരണം കിട്ടിയാൽ വെൽഫെയർ പാർട്ടി ഷൈലോക്കിനെപ്പൊലെ വില മേടിക്കും. മന്ത്രിമാരോ പദവികളോ ഇല്ലാതെ ഭരണത്തിന്റെ ആനുകൂല്യംനേടി ശക്തരാവും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ്
കേരളം ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പോകും. അവിടെ എത്ര ശ്രമിച്ചാലും പിണറായി മാത്രം ആവില്ല തെരഞ്ഞെടുപ്പുവിഷയം. നല്ല സ്ഥാനാർഥികളാകും വിഷയം. വ്യക്തിബന്ധങ്ങൾക്ക് നല്ല വിലയുള്ള തെരഞ്ഞെടുപ്പാണ്. നിലന്പൂരിൽതന്നെ ഇക്കുറി ലീഡ് ചെയ്ത പഞ്ചായത്തുകൾ എല്ലാം കോണ്‍ഗ്രസിന് പിടിച്ചെടുക്കാനാവുമോ? ഒരു വാർഡിലെ വലിയ ലീഡുകൊണ്ട് പഞ്ചായത്തിൽ വോട്ടിൽ ലീഡ് നേടാനാവും. പക്ഷേ പഞ്ചായത്ത് ഭരണം പിടിക്കാനാവില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പിടിച്ചുനിൽക്കാനാണ് സാധ്യത.
പിണറായി തിരുത്തണം
പിണറായി സർക്കാരിനെതിരായ ജനവികാരം മനസിലാക്കണം. അതിനു സാധിക്കുന്നില്ല എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും വലിയ വീഴ്ച. മൂന്നാം ഊഴത്തിനുള്ള തടസവും അതാണ്.
വികസനത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ജനത്തിന് മനസിലാകാത്തവയാണ്. കർഷകന് കൊടുത്തിരുന്ന സഹായങ്ങൾ കുറച്ചു. ആശാ വർക്കർമാർക്ക് 1000 രൂപ കൂട്ടിക്കൊടുക്കാനില്ല. എല്ലാ പെൻഷനും സർവീസ് പെൻഷൻകാര
Leader Page
കേരള രാഷ്ട്രീയത്തിലെ പ്രബലനും കേരള കോണ്‍ഗ്രസുകളുടെ തലമുതിര്‍ന്ന ചെയര്‍മാനുമായ പി.ജെ. ജോസഫിന് ഇന്ന് 84. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട ജോസഫിന്റെ മനസ് ഇന്നും ചെറുപ്പം. പുറപ്പുഴയിലെ പുരാതന കത്തോലിക്കാ കുടുംബമായ പാലത്തിനാല്‍ വീട്ടില്‍ ജോസഫിന്റെയും (നാട്ടുകാരുടെ കുഞ്ഞേട്ടന്) അന്നമ്മയുടെയും മകനായി 1941 ജൂണ്‍ 28നായിരുന്നു ഔസേപ്പച്ചന്റെ ജനനം. കേരള കോണ്‍ഗ്രസ് പിളര്പ്പിലൂടെ നേതൃത്വത്തിലെത്തിയ ജോസഫ്, പിളര്‍പ്പുകളിലും ലയനങ്ങളിലും യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളിലും മുന്നണികളിലും എക്കാലവും ഒരു ഭാഗത്തെ ശക്തനായ നേതാവായിരുന്നു. അഞ്ചര പതിറ്റാണ്ടായി കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളിലൊരാൾ.
1970ല്‍ തൊടുപുഴയില്‍നിന്നു മത്സരിച്ച് ആദ്യമായി നിയമസഭയിലെത്തിയ പി.ജെ. ജോസഫ്, പത്തു തവണയാണ് അതേ മണ്ഡലത്തില്‍ ജയം ആവര്‍ത്തിച്ചത്. അന്തരിച്ച പി.ടി. തോമസിനോടു തോറ്റെങ്കിലും പിന്നീട് വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. തെരഞ്ഞെടുപ്പുവിധിയെത്തുടര്ന്ന് 1978ല്‍ കെ.എം. മാണി ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് എ.കെ. ആന്റണി മന്ത്രിസഭയില്‍ എട്ടു മാസം ആഭ്യന്തരമന്ത്രിയായി. 1980-87ല്‍ കെ. കരുണാകരന് മന്ത്രിസഭയില്‍ റവന്യൂ മന്ത്രി, 1996-2001ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രി, 2006-2010ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി, 2011-2016ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രി എന്നീ നിലകളിലെല്ലാം ജോസഫ് ശോഭിച്ചു.
1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റ് നിഷേധിച്ചതിന്റെ പേരിലാണു യുഡിഎഫ് വിട്ടത്. കെ.എം. മാണിയുടെ നേതൃത്വം അംഗീകരിച്ച് 2010ല്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചതോടെ വീണ്ടും യുഡിഎഫിലെത്തി. ഇടതുമുന്നണിയുമായി രണ്ടു പതിറ്റാണ്ടിലേറെയുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചായിരുന്നു ഈ ലയനം. ഇതിനിടെ ജോസഫ് വിഭാഗത്തെ വിട്ടുപോയ കെ. ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും ജോസഫിന്റെ പാര്‍ട്ടിയിലെത്തി കോട്ടയത്തിന്റെ എംപിയായതു സമീപകാല ചരിത്രം. കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്കു സ്വാഗതം ചെയ്യുമ്പോഴും ജോസിന്റെ പാര്‍ട്ടിയെ രണ്ടുകൈയും നീട്ടി സ്വാഗതം ചെയ്യാന്‍ ജോസഫിന്റെ പാര്‍ട്ടിക്കു പൂര്ണസമ്മതമില്ല.
കെ.എം. മാണിയുടെ രോഗാവസ്ഥയെയും വിയോഗത്തെയും തുടര്‍ന്ന് ചെയര്മാന്സ്ഥാനത്തെ ചൊല്ലി 2019ല്‍ തുടങ്ങിയ തര്‍ക്കത്തില്‍ പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസുകള്‍ വീണ്ടും പിളര്‍ന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ. മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ്-എമ്മിന് അംഗീകൃത സംസ്ഥാന പാര്‍ട്ടി പദവിയും രണ്ടില ചിഹ്നവും നല്കിയതു ജോസഫിനു കനത്ത തിരിച്ചടിയായി. ജോസഫിന്റെ വാദം തള്ളി കേരള കോണ്‍ഗ്രസിലെ പിളര്‍പ്പായി പോലും തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിക്കാതിരുന്നതു അപ്രതീക്ഷിതവുമായി. രാഷ്ട്രീയ തന്ത്രജ്ഞനായ ജോസഫ് എങ്കിലും തളര്‍ന്നില്ല. പി.സി. തോമസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന് അതിന്റെ ചെയര്‍മാനായാണു ജോസഫ് കരുത്തു തെളിയിച്ചത്.
രണ്ടു വര്‍ഷംമുമ്പ് അന്തരിച്ച പ്രിയതമ ഡോ. ശാന്തയുടെ ഓര്‍മകളിലും തന്റെ ഇഷ്ടകാര്യങ്ങളായ കൃഷിയിലും സംഗീതത്തിലും നിന്ന് ഊര്‍ജം കണ്ടെത്തിയാണു ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ മകന് അപു ജോണ്‍ ജോസഫ് പിതാവിന്റെ നിഴലായി കൂടെയുണ്ട്. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും പിളര്‍പ്പുകള്‍ക്കും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന വിവാദങ്ങള്‍ക്കും ഇടയിലും പ്രായം തളര്‍ത്താത്ത മനസുമായി ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തിലാണു ജോസഫ്. കേരള രാഷ്ട്രീയത്തെയും കേരള കോണ്‍ഗ്രസുകളുടെ ഭാവിയെയും കുറിച്ച് അടക്കം നിരവധി വിഷയങ്ങളില്‍ പുറപ്പുഴയിലെ വസതിയില്‍ ദീപികയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ ജോസഫ് വിശദമായി സംസാരിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതില്‍
തൃപ്തനാണോ?
=വളരെ സംതൃപ്തനാണ്. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ ആംരഭിച്ച കേരള കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭയ്ക്കകത്തും പുറത്തും കര്‍ഷകരുടെ ശബ്ദമായി മാറി. 1965ലെ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളോടെ കേരള കോണ്‍ഗ്രസ് വന്‍വിജയം നേടി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം. ജോര്‍ജും കെ.എം. മാണിയും ഇ. ജോണ്‍ ജേക്കബും അടക്കം അഞ്ചു പേരാണു നിയമസഭയിലെത്തിയത്. 1968-69ലാണ് ഞാനാദ്യം സംസ്ഥാന കമ്മിറ്റിയംഗമായത്. 1970ല്‍ കെ.എം. ജോര്‍ജ് എന്റെ പിതാവിനെ കണ്ടാണ് എന്നെ സ്ഥാനാര്‍ഥിയാക്കിയത്. ആഭ്യന്തരം, റവന്യു, വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവനനിര്‍മാണം, ജലവിഭവം അടക്കം വിവിധ വകുപ്പുകളുടെയും മന്ത്രിയെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും കേരളത്തിനും നാടിനും വലിയ സംഭാവനകള്‍ ചെയ്യാനായെന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ആഭ്യന്തര മന്ത്രിയായുള്ള എട്ടു മാസത്തെ ഭരണകാലത്ത് സംസ്ഥാനത്തു നിയമവാഴ്ച ഉറപ്പാക്കാനായി. വിദ്യാഭ്യാസമന്ത്രിയായിരിക്കെ പ്ലസ് ടു നടപ്പാക്കി. റവന്യു മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് നേടിയെടുത്തു. പൊതുമരാമത്ത് മന്ത്രിയായിരിക്കെ ലോകബാങ്ക് സഹായത്തോടെ കേരളത്തിലെ റോഡുകള്‍ ആധുനികമാക്കി.
1978ല്‍ കെ.എം. മാണി രാജിവയ്ക്കേണ്ടിവന്നപ്പോള്‍ ആഭ്യന്തരമന്ത്രിയാകാന്‍ മത്സരമുണ്ടായെന്നു കേട്ടിട്ടുണ്ട്. അതു ശരിയാണോ? ആരായിരുന്നു പകരം മന്ത്രിയാകാന്‍ നിര്‍ദേശമുണ്ടായത്.
=പാര്‍ട്ടി എക്സിക്യൂട്ടീവില്‍ വോട്ടെടുപ്പുണ്ടായി. വോട്ടിംഗിലൂടെയാണ് എന്നെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചത്. അന്ന് പാര്‍ട്ടി ചെയര്‍മാനായിരുന്ന വി.ടി. സെബാസ്റ്റ്യനെയാണു പരസ്യമായല്ലെങ്കിലും മാണിസാര്‍ തുണച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പിന്നീട് തെരഞ്ഞെടുപ്പു കേസില്‍ ജയിച്ചു മാണിസാര്‍ തിരിച്ചെത്തുന്ന എട്ടു മാസമാണ് ഞാന്‍ ആഭ്യന്തരം കൈകാര്യം ചെയ്തത്.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രസക്തി?
=കേരള കോണ്‍ഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ദേശീയ കാഴ്ചപ്പാടുള്ള സംസ്ഥാന പാര്‍ട്ടികളാണ് ആവശ്യം. കാര്‍ഷികരംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിശാല കാഴ്ചപ്പാടാണു കേരള കോണ്‍ഗ്രസിനുള്ളത്. സംസ്ഥാന വിഷയങ്ങള്‍ വേണ്ടവിധം മുന്നോട്ടു കൊണ്ടുവരാന്‍ സംസ്ഥാന പാര്‍ട്ടികള്‍ക്കേ കഴിയൂ. അതിനാല്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി മുമ്പത്തേക്കാള്‍ കൂടിയിരിക്കുന്നു.
കേരള കോണ്‍ഗ്രസ് പിളര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
= പിളര്‍പ്പുകള്‍ നിര്‍ഭാഗ്യകരമാണ്. അതതു കാലത്തെ സാഹചര്യങ്ങളെ ഇപ്പോള്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനായാണ് 2010ല്‍ കെ.എം. മാണി ചെയര്‍മാനും ഞാന്‍ വര്‍ക്കിംഗ് ചെയര്‍മാനുമായി പാര്‍ട്ടി ലയിച്ചത്.
ജോസ് കെ. മാണിയുമായുള്ള വ്യക്തിപരമായ ഭിന്നതയാണോ ഏറ്റവുമൊടുവിലത്തെ
പിളര്‍പ്പിനു കാരണം?
=വ്യക്തിപരമായി ജോസ് കെ. മാണിയോട് ഒരു ഭിന്നതയോ എതിര്‍പ്പോ ഇല്ല. മാണിസാറുമായും സ്നേഹമായിരുന്നു.
കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനു മുന്‍കൈയെടുക്കുമോ?
=ആ വിഷയം ഇപ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന പൊതുവികാരം അണികളിലുണ്ട്.
മക്കള്രാഷ്ട്രീയത്തോട് എന്താണ് അഭിപ്രായം?
=അതൊരു വിഷയമാക്കേണ്ട കാര്യമില്ല. എല്ലാവരുടെയും മക്കള്‍ രാഷ്ട്രീയത്തിലുണ്ടല്ലോ. ജോസ് കെ. മാണിയെയും എതിര്‍ത്തിട്ടില്ല.
പഴയതുപോലുള്ള സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആരോഗ്യം തടസമാകുന്നുണ്ടോ?
=വളരെ സജീവമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയിലും സജീവമായി നേതൃത്വം നല്‍കും.
നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത യുഡിഎഫിലും കേരള കോണ്‍ഗ്രസിലും
പ്രശ്നമാകാറില്ലേ?
=ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അതൊരു പ്രശ്നമാകില്ല. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടു പോകും.
കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ തുടരും എന്നല്ലേ?
=പാര്‍ട്ടിക്കു നയപരമായും എല്ലാ നിലയിലും നേതൃത്വം കൊടുക്കും. പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും. ഭവന സന്ദര്‍ശനവും ഫണ്ടുപിരിവും കേരള കോണ്‍ഗ്രസ് ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫിലും ചില പ്രശ്നങ്ങളുണ്ടല്ലോ. അടുത്ത തെരഞ്ഞെടുപ്പിലെ വിജയസാധ്യത?
=ഒന്നിച്ചു നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉറപ്പായും ജയിക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരത്തിന്റെ സൂചനയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതു പ്രതിഫലിക്കുമോ?
=ഘടകകക്ഷികള്‍ക്കു ന്യായമായ അംഗീകാരം നല്‍കിക്കൊണ്ടുള്ള സമീപനം കോണ്‍ഗ്രസ് മുന്കൈയെടുത്തുണ്ടാക്കിയാല് വിജയം നേടാനാകും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയെക്കുറിച്ച്?
=മുല്ലപ്പെരിയാര്‍ ഡാമിന്റെ ആശങ്കകള്‍ നിലനില്ക്കുന്നു. ഭൂചലനവും അതിതീവ്രമഴയും ഉണ്ടാക്കാനിടയുള്ള അപകടസാധ്യത ആര്‍ക്കും തള്ളിക്കളയാനാകില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പുതിയ ഡാമിനായുള്ള ശ്രമങ്ങള്‍ കേരളം ശക്തിപ്പെടുത്തണം. ഡാം സേഫ്റ്റി നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണം.
വര്‍ഗീയതയും മയക്കുമരുന്നും ഭീഷണിയല്ലേ. കേരളത്തിന്റെ മതസൗഹാര്‍ദം നിലനിര്‍ത്തേണ്ടതല്ലേ?
=മയക്കുമരുന്നിന്റെ വ്യാപനം വലിയ ഭീഷണിയാണ്. അതു തടയേണ്ടതുണ്ട്. മതസൗഹാര്‍ദം അരക്കിട്ടുറപ്പിക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വന്യമൃഗ ആക്രമണം അടക്കമുള്ള കാര്യങ്ങളില്‍ കേരളത്തിലെ കര്‍ഷകരെയും സാധാരണക്കാരെയും രക്ഷിക്കാന്‍ ആരുമില്ലേ?
=വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണം. പ്രത്യേകിച്ചു വനാതിര്‍ത്തികള്‍ പങ്കിടുന്ന ജനവാസമേഖലകളിലെ ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ വെള്ളവും തീറ്റയും ലഭ്യമാക്കുകയെന്നതാണ് ഒരു പോംവഴി. വനസംരക്ഷണത്തിന്റെ ഭാഗമായി ഇതു നടപ്പാക്കാന്‍ വനംവകുപ്പും സര്‍ക്കാരും നടപടിയെടുക്കണം.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു വിവേചനം കാട്ടുന്നുവെന്ന എക്കാലത്തെയും പരാതി ഇപ്പോഴുമുണ്ടോ?
=കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന ശക്തമായ പൊതുജനാഭിപ്രായമുണ്ട്. കേന്ദ്രത്തിന്റെ കയറ്റിറക്കുമതി നയങ്ങള്‍ കര്‍ഷകര്‍ അടക്കം കേരളത്തിനു ദോഷകരമാകുന്നു. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കു കര്‍ഷകര്‍ പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്.
NRI
കുവൈറ്റ് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്വല ജയം ആഘോഷിച്ച് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി. നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷണൽ സെക്രട്ടറി എം.എ നിസാം ആധ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ് റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിവിധ ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
Leader Page
ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇരുമുന്നണികൾക്കും ഏറെക്കുറെ തുല്യശക്തി അവകാശപ്പെടാവുന്ന നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത് അതാണ്.
ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിനൊപ്പമുണ്ടാകുമെന്നു കരുതിയിരുന്ന പി.വി. അൻവർ മത്സരരംഗത്തിറങ്ങിയിട്ടും 11,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയുള്ള ആര്യാടൻ ഷൗക്കത്തിന്റെ വിജയം തികച്ചും ആധികാരികമാണ്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിജയമാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടായിരുന്നു നിലന്പൂരിലെ ഇടതു പ്രചാരണം നയിച്ചത്. മന്ത്രിമാരുടെ വലിയ നിരയുമുണ്ടായിരുന്നു. എന്നിട്ടും വിജയത്തിനടുത്തെത്താനായില്ല. ആശാ സമരത്തോടുള്ള സർക്കാരിന്റെ നിലപാടും മലയോര ജനതയുടെ പ്രതിഷേധവുമെല്ലാം ഭരണമുന്നണിക്കും സർക്കാരിനുമെതിരായ രോഷം വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളായിട്ടുണ്ട്. ഇനിയും സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിലും ഉറപ്പുകളിലും മലയോരജനത മയങ്ങുമെന്നു കരുതിയാൽ അതു തെറ്റാണെന്നു മലയോരവാസികൾ ധാരാളമുള്ള നിലന്പൂർ തെളിയിച്ചു.
ടീം യുഡിഎഫ്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതുപോലെ, ഇതു ടീം യുഡിഎഫ് ഒരുക്കിയ വിജയമാണ്. കെപിസിസിയുടെ പുതിയ നേതൃത്വത്തിന് ഈ വിജയത്തിൽ അഭിമാനിക്കാം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒരുക്കുന്ന തെരഞ്ഞെടുപ്പു തന്ത്രങ്ങളും മികച്ച ആസൂത്രണവും അതുമായിറങ്ങി കളം കീഴടക്കുന്ന യുഡിഎഫിന്റെ യുവനേതൃത്വവും മുതിർന്ന നേതാക്കളുടെ പിന്തുണയും എല്ലാം ചേർന്നു നേടിയതാണീ വിജയം. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും വിജയം കണ്ട തെരഞ്ഞെടുപ്പു പ്രവർത്തനം ഇപ്പോൾ നിലന്പൂരിലും ആവർത്തിച്ചിരിക്കുന്നു. കെപിസിസിയുടെ പുതിയ നേതൃത്വത്തിനും ഈ വിജയം ആത്മവിശ്വാസം പകരും.
സതീശന്റെ വിജയം
തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം തുടക്കത്തിലേ ഏറ്റെടുത്തുകൊണ്ടുള്ള വി.ഡി. സതീശന്റെ ശൈലി ഇപ്പോൾ പാർട്ടിക്കുള്ളിലെ എതിരാളികൾ പോലും അംഗീകരിക്കുന്നു. പി.വി. അൻവർ കോണ്‍ഗ്രസിനു മുന്‍പാകെ കടുത്ത ഉപാധികൾ വച്ചു വില പേശിയപ്പോൾ അൻവറിനെ പരസ്യമായി തള്ളി കോണ്‍ഗ്രസിന്റെ അഭിമാനം കാത്ത നേതാവായാണ് ഇപ്പോൾ സതീശനെ പാർട്ടിക്കാർ കാണുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടിരുന്നെങ്കിൽ സതീശന്റെ രാഷ്ട്രീയഭാവി തന്നെ അപകടത്തിലാകുമായിരുന്നു. സതീശൻ ആ റിസ്ക് ഏറ്റെടുത്തുകൊണ്ട് ശക്തമായ ഒരു തീരുമാനമെടുത്തു. റിസ്ക് എടുക്കുന്നവർക്കു കൂടുതൽ ഫലം കിട്ടുമെന്ന സാമാന്യതത്വം നോക്കിയാൽ സതീശന്റെ നേതൃത്വം പാർട്ടിയിലും മുന്നണിയിലും ഒന്നുകൂടി ഉറച്ചു. അൻവറിന്റെ പിന്തുണയോടെ യുഡിഎഫ് വിജയിച്ചിരുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് അൻവറിനാകുമായിരുന്നു. ഈ വിജയം യുഡിഎഫിനു മാത്രം അവകാശപ്പെട്ടതാണ്.
യുഡിഎഫ് വിജയത്തിൽ ലീഗിന്റെ സംഭാവന ചെറുതല്ല. തങ്ങളുടെ തട്ടകമായ മലപ്പുറം ജില്ലയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നല്ല വിജയം ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതു തങ്ങളുടെ സാധ്യതകളെക്കൂടി ബാധിക്കുമെന്ന തിരിച്ചറിവ് ലീഗിനുണ്ടായിരുന്നു. പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതൃനിര സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. അതിന്റെ ഗുണം യുഡിഎഫ് സ്ഥാനാർഥിക്കു ലഭിച്ചു എന്നതിൽ സംശയമില്ല.
കരുത്തു കാട്ടി അൻവർ
നിലപാടുകളിലെ ചാഞ്ചല്യം അൻവറിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിച്ചു എന്നു പറയുന്പോഴും തന്നെ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് പി.വി. അൻവർ തെളിയിച്ചു. രണ്ടു മുന്നണികൾ തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ 11.23 ശതമാനം വോട്ടുകൾ നേടുക എന്നതു നിസാരമല്ല. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയിരുന്നത് ആര്യാടൻ ഷൗക്കത്തിന് 80,000 വോട്ടുകൾ ലഭിക്കുമെന്നാണ്. അവർക്ക് 77,737 വോട്ടുകൾ ലഭിച്ചു. അവരുടെ വോട്ടുകൾ ഏറെക്കുറെ പൂർണമായി അവർക്കു ലഭിച്ചു എന്നു മനസിലാക്കാം. അൻവറിനു ലഭിച്ചത് ഭരണവിരുദ്ധ വോട്ടുകൾതന്നെ എന്ന് ഉറപ്പാണ്. ഇരുപതിനായിരത്തോളം വരുന്ന അൻവറിന്റെ വോട്ടുകൾകൂടി കണക്കാക്കിയാൽ ഭരണവിരുദ്ധ വോട്ടുകളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്. മലയോര ജനതയുടെ സർക്കാർ വിരുദ്ധ പ്രതികരണങ്ങളും അൻവറിനെ സഹായിച്ചതായി കരുതണം.
അൻവറിനെ തള്ളാതെ സൂക്ഷിച്ചായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുതലുള്ള നേതാക്കളുടെ പ്രതികരണങ്ങൾ. അൻവറും യുഡിഎഫിനെ നോവിക്കാതെ പരമാവധി സൂക്ഷിച്ചു. യുഡിഎഫ് ഇല്ലെങ്കിൽ മാത്രമേ മറ്റു വഴികൾ നോക്കുകയുള്ളൂ എന്നാണ് അൻവർ ഇന്നലെ പ്രതികരിച്ചത്. ഏതായാലും ഇക്കാര്യത്തിൽ യുഡിഎഫിൽ കൂടുതൽ ചർച്ചകൾ വേണ്ടി വരും. കാരണം, അൻവറിന്റെ കാര്യത്തിൽ യുഡിഎഫിലും കോണ്‍ഗ്രസിലും പല അഭിപ്രായക്കാരുണ്ട്.
ഇനി പുതിയ മുദ്രാവാക്യങ്ങൾ
മൂന്നാം ഇടതുസർക്കാർ എന്ന മുദ്രാവാക്യം സിപിഎമ്മും ഇടതുമുന്നണിയും അതിശക്തമായി പ്രചരിപ്പിച്ചു വരുന്പോഴാണ് നിലന്പൂരിലെ പരാജയം. ഇനി ആ മുദ്രാവാക്യത്തിനു ശക്തിയില്ല. രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമൊക്കെ ഈയിടെയായി പറഞ്ഞുവരുന്ന നൂറു സീറ്റിന്റെ വിജയം എന്ന് പ്രചാരണവാക്യമായിരിക്കും ഇനി കൂടുതലായി ഉയർന്നു കേൾക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും പത്തു മാസത്തിലേറെയുണ്ട്. നിലന്പൂരിന്റെ പരിക്കു മാറ്റാൻ ഇടതുപക്ഷത്തിന് ആവശ്യത്തിനു സമയമുണ്ട്. ഏതായാലും എൽഡിഎഫിന്റെ മൂന്നാം സർക്കാർ എന്ന സ്വപ്നത്തിനു വലിയ തിരിച്ചടിയാണ് നിലന്പൂരിലെ കനത്ത പരാജയം.
ഒരുമിച്ചു നിന്നാൽ
ഒരുമിച്ചു നിന്നാൽ വിജയം സാധ്യം എന്ന സന്ദേശമാണ് ജനങ്ങൾ യുഡിഎഫിന് ഒരിക്കൽകൂടി നൽകിയിരിക്കുന്നത്. തമ്മിൽത്തല്ലി നിന്നാൽ ഇടതുപക്ഷം വീണ്ടും ഭരണത്തിലേറുമെന്ന ഭയമാണ് കോണ്‍ഗ്രസിലെ നേതാക്കളെയും യുഡിഎഫിനെയും ഇപ്പോൾ ഒരുമിപ്പിച്ചിരിക്കുന്നത്. യുഡിഎഫിലെ യുവനേതാക്കൾക്കു മുന്നണിക്കു ചുറുചുറുക്കും ആവേശവും പകർന്നുനൽകാൻ സാധിച്ചിട്ടുണ്ട്. നിലന്പൂരിൽതന്നെ ആര്യാടൻ ഷൗക്കത്തിനു നറുക്കു വീണപ്പോൾ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി നൽകിയ പിന്തുണ ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസിൽ ഇതു പതിവുള്ളതല്ല. അതുകൊണ്ടുതന്നെ ഷൗക്കത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് വി.എസ്. ജോയിക്കുകൂടിയുള്ളതാണ്.
ഉപതെരഞ്ഞെടുപ്പുകളിൽ പരീക്ഷിക്കുന്ന പ്രചാരണരീതിയും തന്ത്രവും പൊതുതെരഞ്ഞെടുപ്പുകളിൽ പ്രായോഗികമല്ല. കാരണം നിലന്പൂരിനെ ഇളക്കിമറിച്ച യുവനേതാക്കളിൽ ഷാഫി പറന്പിൽ, ഹൈബി ഈഡൻ തുടങ്ങി പാർലമെന്റ് അംഗങ്ങളായ അപൂർവം പേർ ഒഴികെയുള്ളവരെല്ലാവരുംതന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകും. അവർ അവരവരുടെ മണ്ഡലങ്ങളിൽ ഒതുങ്ങിനിൽക്കും. അപ്പോഴേക്കും താഴേത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനം ഒരുക്കിയെങ്കിൽ മാത്രമേ സുശക്തമായ സംഘടനാ സംവിധാനങ്ങളുള്ള സിപിഎമ്മിനോടും ബിജെപിയോടും പിടിച്ചു നിൽക്കാനാകൂ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വത്തിന്റെ ശ്രദ്ധ ഇനി ഇക്കാര്യത്തിലാകുമെന്നു കരുതാം.
അപ്രസക്തമായി എൻഡിഎ
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനു ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു കാര്യമായ സാന്നിധ്യമറിയിക്കാൻ സാധിച്ചില്ല. നിലന്പൂർ പാർട്ടിയുടെ ശക്തികേന്ദ്രമല്ല എന്നതു വസ്തുതയാണ്. എങ്കിലും വളരുന്ന പാർട്ടി എന്നവകാശപ്പെടുന്ന ബിജെപി നിലന്പൂരിൽ പിന്നോട്ടു പോകുന്നതാണു കണ്ടത്. 2021ൽ 4.96 ശതമാനം വോട്ട് നേടിയ അവർക്ക് ഇത്തവണ കിട്ടിയത് 4.91 ശതമാനം. 2016ൽ എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് മത്സരിച്ചപ്പോൾ 7.56 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ 53 വോട്ടുകൾ അധികം നേടിയെന്നു വേണമെങ്കിൽ അവകാശപ്പെടാം.
നിലന്പൂരിൽ മത്സരിക്കുന്നില്ലെന്ന തുടക്കത്തിലെ നിലപാട് രാഷ്ട്രീയമായി ഗുണകരമായിരുന്നില്ല. പിന്നീട് കേരള കോണ്‍ഗ്രസുകാരനെ ബിജെപിയാക്കി മത്സരിപ്പിച്ചപ്പോൾ ലക്ഷ്യംവച്ചത് എന്തെന്നും വ്യക്തമായിരുന്നു. അതൊന്നും വോട്ടർമാർക്കിടയിൽ ഒരു ചലനവും സൃഷ്ടിച്ചില്ല എന്നത് ബിജെപിക്കും ഒരു പാഠമാകേണ്ടതാണ്.
Kerala
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി കരുത്തുകാണിച്ച് യുഡിഎഫിനൊപ്പം നിന്ന് മുസ്ലിം ലീഗ്. മലബാറില്‍ ന്യൂനപക്ഷ വോട്ടുകളിലേക്കു കണ്ണുവച്ച് സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസാനത്തെ തിരിച്ചടിയായിരിക്കുകയാണ് യുഡിഎഫിന്റെ നിലമ്പൂരിലെ തിളക്കമാര്‍ന്ന വിജയം.
സ്ഥാനാര്‍ഥിനിര്‍ണയത്തിനു കാത്തുനില്‍ക്കാതെ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ലീഗിനെ സജീവമാക്കിയത് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനായിരുന്നു വോട്ടുകള്‍ ചോരാതിരിക്കാനുള്ള ദൗത്യം. ഇതിനൊപ്പം കോണ്‍ഗ്രസ് യുവനേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ചേര്‍ന്നു.
ഇവരുടെ പ്രവര്‍ത്തനമികവിന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറഞ്ഞ കൈയടിയാണ് ഉയരുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ ലീഗ് വോട്ടുകളുള്ള വഴിക്കടവ്, മൂത്തേടം എന്നിവിടങ്ങളില്‍ വലിയ രീതിയിലുള്ള ചോര്‍ച്ച ഇല്ലെന്നുള്ളത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് യുഡിഎഫ് വിലയിരുത്തുന്നത്.
സിപിഎം മലബാറില്‍ പ്രധാനമായും പോരാടുന്നത് ലീഗിനെതിരേയാണ്. ലീഗ് വിരുദ്ധ വോട്ടുകളാണ് സിപിഎമ്മിന്റെ വോട്ടു ബാങ്ക്. കോണ്‍ഗ്രസിന് ഒറ്റയ്ക്കു നിന്നാല്‍ ജയിക്കാവുന്ന ഒരു മണ്ഡലം പോലും മലപ്പുറം ജില്ലയില്‍ ഇല്ലെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനും അറിവുള്ളതാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്നാം സീറ്റ് ആവശ്യപ്പെട്ട ലീഗിനെ വടകരയില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കോണ്‍ഗ്രസ് പരിഹാരം കണ്ടിരുന്നു. അന്ന് ഷാഫിക്കുവേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച യൂത്ത് ലീഗ് നേതൃത്വത്തെ തന്നെയാണ് നിലമ്പൂരിലും മുസ്ലിം ലീഗ് രംഗത്തിറക്കിയത്. അത് ഫലം കാണുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം വരുന്നതിനു മുന്‍പുതന്നെ നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തിയത് ലീഗാണ്. സ്ഥാനാര്‍ഥിപ്രഖ്യാപനം വരുംമുന്‍പുതന്നെ സ്ഥാനാര്‍ഥിപ്പട്ടികയിലുള്ള ആര്യാടന് ഷൗക്കത്തിനെയും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെയും ഒരുമിച്ച് വേദിയില്‍ കൊണ്ടുവന്നതും ലീഗാണ്.
വികസനപദ്ധതികളില്‍ സിപിഎമ്മിനെയും മുന്‍ എംഎല്‍എ പി.വി. അന്‍വറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ലഘുലേഖയുമായാണു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. നിലമ്പൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.സ്വരാജ് വിജയിച്ചാല്‍ ലീഗില്നിന്നുവരെ സിപിഎമ്മിലേക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകുമായിരുന്നു.
2026-ലും യുഡിഎഫിനു ഭരണം ലഭിക്കില്ലെന്ന് ഉറപ്പായാല്‍ ലീഗിലെ പ്രബല വിഭാഗംതന്നെ ഇടതുപക്ഷ ഘടകകക്ഷിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. അതിനെല്ലാം തടയിടാന്‍ നിലമ്പൂരിനെക്കൊണ്ടു കഴിഞ്ഞു.
Editorial
ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണത്തിൽ മാറ്റമുണ്ടാക്കില്ലെങ്കിലും നിലന്പൂർ ഉപതെരഞ്ഞെടുപ്പ്, രാഷ്ട്രീയത്തിലെ തത്സ്ഥിതി പ്രതിഫലിപ്പിക്കും. ഒന്നാമത്, ജനത്തിന് എൽഡിഎഫ് സർക്കാരിലുള്ള അതൃപ്തിയെ മറികടക്കാൻ പ്രചാരണങ്ങൾക്കായില്ല. രണ്ടാമത്, വർഗീയ പ്രീണനങ്ങളെയും മതമൗലികവാദത്തെയുമൊന്നും കൈവിടാനുള്ള മതേതര വളർച്ച ഇടതിനും വലതിനും ഇനിയുമുണ്ടായിട്ടില്ല.
മൂന്നാമത്, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ വന്യജീവി ആക്രമണത്തിലെ നിഷ്ക്രിയത, അമിത പ്രതീക്ഷയില്ലെങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് മലയോര മണ്ഡലങ്ങളെ നിർബന്ധിതരാക്കും. തീർന്നില്ല, ആശമാരെപ്പോലെയുള്ള ഹതഭാഗ്യരോടുള്ള സർക്കാർ നിന്ദ, നിർണായക സമയങ്ങളിൽ തിരിഞ്ഞുകൊത്തും.
പി.വി. അൻവർ തനിച്ചു നേടിയ 19,760 വോട്ടിലേറെയും യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ ദൗർബല്യ സൂചനയാണ്. നിലന്പൂർ എല്ലാക്കാര്യത്തിലും നേർക്കണ്ണാടിയല്ല. പക്ഷേ, മുന്നറിയിപ്പാണ്. മുഖ്യമന്ത്രിയോടു വിയോജിച്ച് ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്ന പി.വി. അൻവർ രാജിവച്ചതാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. അദ്ദേഹത്തിന് 77,737 വോട്ടുകളും എൽഡിഎഫിലെ എം. സ്വരാജിന് 66,660 വോട്ടും ലഭിച്ചു. യുഡിഎഫും എൽഡിഎഫും എഴുതിത്തള്ളിയ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് 19,760 വോട്ട് ലഭിച്ചത് അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനും മുകളിലായി.
അൻവറിന്റെ വാറോലകൾക്കു വഴങ്ങാതെ തെരഞ്ഞെടുപ്പ് നേരിടാനായത് യുഡിഎഫിന്റെ നേട്ടമായി പറയാവുന്നതാണ്. പക്ഷേ, പിണറായി വിജയനെ പരസ്യമായെതിർത്ത്എൽഡിഎഫിൽനിന്നു പുറത്തുവന്ന അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ തന്ത്രജ്ഞത ഇല്ലാതെപോയി. അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കാല് ലക്ഷം കടന്നേനെ എന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കുറ്റബോധമല്ലെങ്കിൽ നഷ്ടബോധമുണ്ട്.
ഇത്രയും വോട്ട് കിട്ടിയ അൻവറിനെ തള്ളാന്‍ കഴിയില്ലല്ലോയെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകളിലും ദൃഷ്ടാന്തമുണ്ട്. അൻവറിനെ തള്ളിയതിൽ ആദർശമൊന്നും പറയാനില്ല; പ്രത്യേകിച്ചും മതമൗലികവാദ നിഴലിലുള്ള ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെ ആലിംഗനം ചെയ്തു നിൽക്കുന്പോൾ. വിജയത്തിലുള്ള ആത്മവിശ്വാസക്കുറവാകാം ആ കൂട്ടുകെട്ടിനു യുഡിഎഫിനെ പ്രേരിപ്പിച്ചത്.
എങ്കിൽ, ഭേദം അൻവറല്ലായിരുന്നോ എന്ന ചോദ്യം മതേതര കേരളത്തിനുണ്ട്. പിഡിപിയും അഖില ഭാരത ഹിന്ദുമഹാസഭയും എൽഡിഎഫിനെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ഇതൊന്നും പ്രതിരോധിക്കാനാവില്ല. ശുദ്ധ മതേതരത്വമെന്ന ഇടതു-വലതു രാഷ്ട്രീയ നുണകൾ നിലന്പൂരിൽ നിലംപരിശായി.
വന്യജീവി ആക്രമണം കേരളത്തെ വിഴുങ്ങുന്പോഴും ഒന്നും ചെയ്യാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള മുന്നറിയിപ്പും നിലന്പൂരിലുണ്ട്. യുഡിഎഫിന് വോട്ട് നേടിക്കൊടുത്തതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനും ചെറുതല്ലാത്ത പങ്കുണ്ട്. വിഷയത്തിന്റെ ഗൗരവം അൻവറിനു മനസിലായെന്നു തോന്നുന്നു.
മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഗണിക്കാതെ 2026ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്നു കരുതിയാൽ നടക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അറുപതിലധികം നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾക്ക് വന്യജീവി ആക്രമണം ജീവൽപ്രശ്നമാണ്. വിഷയം പരിഹരിക്കാനുള്ള ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടു പോകാൻ ശ്രമിക്കുമെന്നും മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1972ലെ വനം-വന്യജീവി നിയമത്തെ തള്ളിയും തള്ളാതെയും ഉരുളുന്ന കോൺഗ്രസിൽ അമിത പ്രതീക്ഷയില്ലെങ്കിലും എൽഡിഎഫിൽ മലയോര കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വനനിയമം മാറ്റില്ലെന്ന് ആവർത്തിക്കുന്നതിലൂടെ വന്യജീവി ആക്രമണത്തിൽ മൃഗപക്ഷത്താണെന്ന് ബിജെപിയും തെളിയിച്ചു.
അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മ, പിൻവാതിൽ നിയമനങ്ങൾ, സാന്പത്തിക കെടുകാര്യസ്ഥത, ധൂർത്ത്, നിസഹായരായ ആശമാരോടുപോലുമുള്ള സർക്കാർ-പാർട്ടി ധാർഷ്ട്യം, വനംവകുപ്പിന്റെ സമാന്തര ഭരണം, കാർഷികത്തകർച്ച, വിളകളുടെ സംഭരണവില യഥാസമയം കൊടുക്കാത്തത്... തുടങ്ങിയവയൊക്കെ എൽഡിഎഫിനെ തുറിച്ചുനോക്കുന്നുണ്ട്.
തിരുത്തുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയം, കൊടുക്കൽ വാങ്ങലുകളുടെയും വർഗീയ ബാന്ധവങ്ങളുടെയം കുതിരക്കച്ചവടത്തിന്റെയുമൊക്കെ എൻജിനിയറിംഗായി മാറിയിട്ടുണ്ട്. പക്ഷേ, ജനക്ഷേമ നയങ്ങളും സുതാര്യതയും ജനാധിപത്യ-മതേതര നിലപാടുകളും മുറുകെപ്പിടിക്കുന്ന ഒരു സംശുദ്ധ രാഷ്ട്രീയവുമുണ്ട്. നിലന്പൂരിൽ അതായിരുന്നോയെന്നും 2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്നും പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം.
Kerala
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ച സംഭവത്തില്‍ യുഡിഎഫിനെ വീണ്ടും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി. ഈ നീക്കം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഗോവിന്ദന് പ്രതികരിച്ചു.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശുകയാണ്. എല്‍ഡിഎഫിന് വര്‍ഗീയതയുടെ കൂട്ടുവേണ്ട. ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല.
അടിയന്തരാവസ്ഥക്കാലത്ത് യോജിച്ചത് ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായാണ്. ചരിത്രത്തെ ചരിത്രമായി കാണണം. ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരവേലയാണ്.
ആര്‍എസ്എസുമായി രാഷ്ട്രീയ മുന്നണിയെന്ന നിലയില്‍ സിപിഎം ചേര്‍ന്നിട്ടേയില്ല. ആ നിലപാടില്‍ ഒരു മാറ്റവും ഇല്ല. വിമോചന സമരകാലത്ത് ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും ഗോവിന്ദന് വിമര്‍ശിച്ചു.
രാജ്ഭവന് കാവിവത്ക്കരണത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും ഗോവിന്ദന് പറഞ്ഞു. ഇനി അവിടെ എപ്പോഴാണ് ഗോഡ്സെയുടെ ചിത്രം വയ്ക്കുകയെന്ന് അറിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനം വിജയിക്കുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അൻവർ
പിണറായിസവും നിലന്പൂരിലെ ജനങ്ങളും തമ്മിലുള്ള മത്സരമാണ്. ഇതിൽ ജനം വിജയിക്കും. പിണറായി-വി.ഡി. സതീശൻ കൂട്ടുകെട്ടിനെതിരേ നിലമ്പൂരിൽ ജനം വിധിയെഴുതും. ജനങ്ങൾക്കുവേണ്ടിയാണ് താൻ എംഎൽഎ സ്ഥാനം രാജിവച്ചത്. അത് ജനങ്ങൾക്കറിയാം എല്ലാവരുടെയും പിന്തുണ തനിക്കുണ്ട്.
48 പേരാണ് നിലമ്പൂരിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇനി ഒരു ജീവനും ഇങ്ങനെ നഷ്ടപ്പെടാൻ ഇടയാകരുത്. ജനങ്ങളുടെ പ്രതിനിധിയായാണ് താൻ മത്സരിക്കുന്നത്. അതിനാൽതന്നെ ഇക്കുറി വിജയം ഉറപ്പാണെന്നും അൻവർ പറഞ്ഞു.