ചെന്നൈ: ടിവികെ നിർവാഹക സമിതി പുനഃസംഘടിപ്പിച്ച് പാർട്ടി അധ്യക്ഷൻ വിജയ്. കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചത്.
കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി 28 അംഗ നിർവാഹക സമിതിയാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്.
ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ്ത തുടരും. ആനന്ദ് അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടിയുടെ സൈബർ പോരാളികൾ വിജയ്ക്ക് തുറന്ന കത്ത് അയച്ചിരുന്നു.
ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങിയിരിക്കുകയാണ് വിജയ്. കരൂർ അപകടത്തിന് ശേഷം ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാറിനെതിരെ രംഗത്തെത്തി.
ഇന്ന് രണ്ട് പേജുള്ള വിശദമായ പ്രസ്താവനയുമായാണ് സംസ്ഥാന സർക്കാറിനെതിരെ വിജയ് രംഗത്തെത്തിയത്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസംഗതയുമാണെന്നും കുറ്റപ്പെടുത്തി.
Tags : tvk vijay executive commitee