തൃശൂർ: കൊടുങ്ങല്ലൂരിൽ ആലപ്പുഴ സ്വദേശിയെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.
ആലപ്പുഴ തെരുവൂർ സ്വദേശിയായ സുദർശനനെ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചത് എറണാകുളം കൂനമ്മാവിലുള്ള അഗതി മന്ദിരം നടത്തിപ്പുകാരാണെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ഇയാളെ കൊടുങ്ങല്ലൂർ ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയത്. ശരീരമാകെ മുറിവേറ്റ നിലയിലും പരിക്കേറ്റ നിലയിലുമായിരുന്നു സുദർശനൻ. ഇയാൾ കൊലക്കേസ് പ്രതിയാണ്.
ഈ കേസുമായി ബന്ധപ്പെട്ട പ്രതികാരമായിരിക്കാം ഈ ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.
പറവൂർ ഭാഗത്തുള്ള കൂനമ്മാവിലെ ഒരു അഗതി മന്ദിരത്തിലാണ് സുദർശനൻ താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായതെന്നാണ് പോലീസ് കണ്ടെത്തൽ. അഗതി മന്ദിരത്തിലെ തന്നെ അന്തേവാസികളാണ് ഇയാളെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ചികിത്സ നൽകാൻ തയാറാകാതെ, അഗതിമന്ദിരത്തിറെ നടത്തിപ്പുകാരായ ആളുകൾ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നു.
ആക്രമണത്തിൽ സുദർശനന് മാരകമായ പരിക്കുകളാണ് സംഭവിച്ചത്. ഇയാളുടെ ജനനേന്ദ്രിയത്തിൽ അടക്കം മുറിവേറ്റിരുന്നു. തകർന്ന നിലയിലായിരുന്ന ജനനേന്ദ്രിയം ശസ്ത്രക്രിയചെയ്ത് നീക്കി. ആക്രമണത്തിൽ ഇയാൾക്ക് ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്നു പേർ നിലവിൽ കൊടുങ്ങല്ലൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.