ചാത്തന്നൂർ: റവന്യൂ ഭൂമിയിൽ താത്കാലിക കടകൾ കെട്ടിയിരുന്നത് റവന്യൂ അധികൃതർ എത്തി പൊളിച്ചു മാറ്റി.തുച്ഛമായ വരുമാനം കൊണ്ട് നിത്യവൃത്തി നടത്തിയിരുന്ന ചാത്തന്നൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലെ റവന്യൂ ഭൂമിയിൽ താത്കാലിക കടകൾ കെട്ടി വർഷങ്ങളായി കച്ചവടം ചെയ്തിരുന്നവരാണ് തുച്ഛമായ സമയം കൊണ്ട് ജീവിതമാർഗം വഴിമുട്ടിയവരായി മാറിയത്.
വിധവകളും ഹൃദ് രോഗം, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവരും അപകടത്തിൽ മാരകമായി പരിക്കേറ്റവരും ഉൾപ്പെടെ ആറ് പേരായിരുന്നു ഇവിടെ താത്കാലിക കടകൾ കെട്ടി കച്ചവടം ചെയ്തു വന്നിരുന്നത്. അംബിക സജാദ് ഖാൻ, മോഹനൻ, മിനി, തങ്കമണി, സുധർമ്മ എന്നിവരാണ് ഇവിടെ ജീവിതമാർഗം തേടിയിരുന്നത്.ഇവർക്ക് നിരവധിതവണ ഒഴിഞ്ഞു പോകാൻ റവന്യൂ അധികൃതർ നോട്ടീസ് നല്കിയിരുന്നു.
അവസാനം ഒഴിഞ്ഞു പോകാൻ നോട്ടീസ് നല്കുകയും രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടപടികൾ ഒഴിവാക്കുകയുമായിരുന്നു.
എന്നാൽ ഇന്നലെ രാവിലെ യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് അകമ്പടിയോടെ റവന്യൂ സംഘം ജെസിബിയും ടിപ്പറുമായി എത്തി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ദിജു, പഞ്ചായത്തംഗങ്ങളായ ആർ. സന്തോഷ്, സിന്ധു ഉദയൻ തുടങ്ങിയവർ സ്ഥലത്തെത്തി. പൊളിച്ചു മാറ്റാൻ പത്തു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല . ജെസിബി ഉപയോഗിച്ച് കടകൾ സ്ഥാപിച്ചിരുന്ന സ്ഥലം നിരപ്പാക്കിയ ശേഷമാണ് റവന്യൂ സംഘം പിരിഞ്ഞു പോയത്.
Tags :