വെച്ചൂർ: ആസൂത്രണത്തിലെ പിഴവുമൂലം തറക്കല്ലിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും സ്കൂൾ കെട്ടിടം നിർമിക്കാൻ കഴിയാതെ വന്നതോടെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സ്കൂളായ വെച്ചൂർ ദേവീവിലാസം സ്കൂളിലാണ് കെട്ടിട നിർമാണം അനിശ്ചിതത്വത്തിലായത്. കിഫ്ബി ഫണ്ട് മൂന്നു കോടി 90 ലക്ഷം രൂപയും എംഎൽഎ ഫണ്ടായി 20 ലക്ഷം രൂപകൂടി നൽകിയിട്ടും സ്കൂൾ കെട്ടിടം പണിയാനായില്ല.
വൈക്കം വെച്ചൂർ ഗവൺമെന്റ് ദേവീവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ് മുറികളിലാണ് ഇപ്പോൾ പ്ലസ്ടു വിദ്യാർഥികളുടെ പഠനം. അടുത്തടുത്തായുള്ള മുറികളിലെ ക്ലാസുകളിലെ ശബ്ദം മറ്റു ക്ലാസ്മുറികളിലും എത്തുന്നതിനാൽ അധ്യാപകർ പഠിപ്പിക്കുന്നതുപോലും കുട്ടികൾക്ക് കേൾക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മൂന്നു വർഷം മുമ്പ് കിഫ്ബി മൂന്നുകോടി 90 ലക്ഷം രൂപ അനുവദിച്ചപ്പോൾ അഞ്ച് ക്ലാസ് മുറികളും ശുചിമുറിയുമടക്കമുള്ള കെട്ടിടം പൊളിച്ചുനീക്കിയതോടെയാണ് വിദ്യാർഥികളുടെ ദുരിതം തുടങ്ങിയത്. 2023 ഡിസംബറിൽ ഒരു വർഷത്തിനകം പുതിയ കെട്ടിടമെന്ന പ്രഖ്യാപനവുമായി ആഘോഷപൂർവം തറക്കല്ലിടീലും നടത്തി. എന്നാൽ പണി നടത്താൻ ചുമതലയേറ്റ കിലയുടെ ആസൂത്രണത്തിലെ വീഴ്ചമൂലം ഇതുവരെ കെട്ടിടം പണി തുടങ്ങാനായില്ലെന്നാണ് ആരോപണം.
ആദ്യം നടത്തേണ്ട മണ്ണുപരിശോധനയും ഭാരപരിശോധനയുമടക്കം നടത്താതെയാണ് ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച് മൂന്നുനില കെട്ടിടം കില വിഭാവനം ചെയ്തത്. കരാറുകാരൻ വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ കമ്പികൾ തുരുമ്പെടുത്തു നശിക്കാൻ തുടങ്ങിയെന്നു മാത്രമല്ല പണിക്കായി നാട്ടിയ കമ്പികളും കുറ്റികളും കുട്ടികൾക്ക് അപകട ഭീഷണിയായി മാറിയെന്ന് രക്ഷകർത്താക്കൾ കുറ്റപ്പെടുത്തുന്നു.
പണി മുടങ്ങിയതോടെ 20 ലക്ഷം രൂപ സി.കെ. ആശ എംഎൽഎ കൂടുതൽ അനുവദിക്കുകയും ചെയ്തു. എന്നാൽ, ഫണ്ട് കുമിഞ്ഞുകൂടിയതല്ലാതെ കെട്ടിടം പണി നടന്നതുമില്ല. ഇതിനിടെ ക്ലാസ്മുറികളുടെ അഭാവം പഠനത്തെ ബാധിച്ചതോടെ സ്കൂളിൽ കുട്ടികളുടെ എണ്ണവും കുറഞ്ഞു. പ്ലസ് വണിന് ഇത്തവണ 72 കുട്ടികൾ മാത്രമാണ് എത്തിയത്.
നഴ്സറി കൂടാതെ ഒന്നു മുതൽ പ്ലസ്ടുവരെ നിലവിൽ 1,050 കുട്ടികളാണ് സ്കൂളിലുള്ളത്. ഹൈസ്കൂളിലടക്കം കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ കെട്ടിടം പണിയുടെ പാളിച്ച കാർഷിക മേഖലയിലെ സാധാരണക്കാരുടെ കുട്ടികളടക്കം പഠിക്കുന്ന ഒരു സ്കൂളിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഭാരപരിശോധന പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ നിർമാണരീതി പരീക്ഷിക്കാനാണ് കിലയുടെ നീക്കം. എന്നാൽ കിലയുടെ പുതിയ ആസൂത്രണത്തിൽ വിഭാവനം ചെയ്ത മൂന്നുനില കെട്ടിടം രണ്ടു നില മാത്രമായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
Tags : building nattuvishesham local